ആലങ്ങാട്: പാനായിക്കുളം ലോഡ്ജ് സ്‌റ്റോപ്പിനു സമീപമുള്ള അപകടവളവിൽ മിനിലോറിയുടെ പിന്നിൽ കാറിടിച്ചു. ഇന്നലെ ഉച്ചയോടെ പാനായിക്കുളത്തെ ഗോഡൗണിൽനിന്ന് ലോഡുമായി എടയാർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു മിനിലോറി. പാനായിക്കുളം കരിപ്പുഴ പായത്തിനടുത്ത വളവിൽ എത്തിയപ്പോൾ എതിരേ വേഗതയിൽ വന്ന കാർ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മിനിലോറിയിൽ നിറച്ചിരുന്ന വാട്ടർടാങ്കുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. ലോറിയുടെ പിൻഭാഗം സമീപത്തെ വീടിന്റെ മതിലിൽ ചെന്നിടിച്ചു. കാറും സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. രണ്ട് എയർബാഗുകളും പ്രവർത്തിച്ചതിനാൽ ഡ്രൈവർക്ക് പരിക്കേറ്റില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് ബിനാനിപുരം പൊലീസെത്തി ഒഴിവാക്കി.