ആലുവ: സിൽവർലൈൻ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എം.എൽ.എ മൂന്നാംവട്ടവും സ്പീക്കർക്ക് കത്തുനൽകി.

ഒക്ടോബർ 27ന് അൻവർ സാദത്ത് നിയമസഭയിൽ ചോദ്യം ഉന്നയിച്ചതിനെത്തുടർന്ന് പദ്ധതിയുടെ ഡി.പി.ആർ ഇല്ലാതെ അപൂർണമായ മറുപടിയാണ് ലഭിച്ചത്. സ്പീക്കർക്ക് പരാതി നൽകിയതിനെത്തുടർന്ന് ഡി.പി.ആർ ലഭിച്ചു. എന്നാൽ ലഭിച്ച ഡി.പി.ആറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വിവരങ്ങൾ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി ഫെബ്രുവരി മൂന്നിന് വീണ്ടും സ്പീക്കർക്കു കത്തുനൽകി

ഇതേത്തുടർന്ന് 115 മുതൽ 530 കി.മീറ്റർ വരെയുള്ള ദൂരത്തിന്റെ ഡ്രോയിംഗും സ്റ്റേഷനുകളെ സംബന്ധിച്ച വിവരങ്ങളും ലഭിച്ചു. എന്നാൽ പദ്ധതിയുടെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി സംബന്ധിച്ചു വ്യക്തമായ രേഖകൾ ലഭിച്ചില്ല. ഈ രേഖകളും നൽകണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കത്തുനൽകിയതെന്ന് എം.എൽ.എ പറഞ്ഞു.