കോതമംഗലം: കേരള ഗവ. ഫാം വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന് മുന്നിൽ ഫാംതൊഴിലാളികൾ ഒരാഴ്ചയായി നടത്തിവന്ന പ്രതിഷേധവാരാചരണം സമാപിച്ചു. സമാപനധർണ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. പുറമെ നിന്നുള്ളവരുടെ അമിതമായ ഇടപെടൽ ഫാമിലുണ്ടെന്നും തൊഴിലാളികളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷനായി, റാബിയ ഹംസ, സജി ജോസ്, പി. ബിജു, ബിന്ദു രാധാകൃഷ്ണൻ, പി.പി. ബിജു, കെ.എസ്. ഷാൻ, വി.ജി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്ഥലംമാറ്റത്തിന് പിന്നിലെ അഴിമതി അവസാനിപ്പിക്കുക, അനധികൃത സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യുക, ഫാം തൊഴിലാളികളുടെ സ്ഥലംമാറ്റത്തിൽ മന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധമായി ഇടപെടുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ബ്ലോക്കുകളിലേക്ക് തൊഴിലാളികളെ മാറ്റുമ്പോൾ ഫാമിന്റെ നിലനിൽപ്പിന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.