manappuram
ശിവരാത്രി ആഘോഷത്തിനൊരുങ്ങിയ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം

ആലുവ: കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ, മഹാശിവരാത്രി ദിനമായ ഇന്ന് ലക്ഷങ്ങൾ ബലിതർപ്പണം നടത്തും. രാത്രിയിലെ അരിയാഹാരം ഒഴിവാക്കിയാണ് വിശ്വാസികൾ ശിവമന്ത്രം ജപിച്ച് ബലിതർപ്പണം നടത്തുക.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും തർപ്പണ ചടങ്ങുകളിൽ പങ്കെടുക്കണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തർ തർപ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തുക. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമാണ് ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. മണപ്പുറത്ത് 2020ലേതിന് സമാനമായ ഇളവുകൾ ഉണ്ടെങ്കിലും ഭക്തർ എത്തുമോയെന്ന ആശങ്കയുള്ളതിനാൽ പുരോഹിതന്മാർ ബലിത്തറകളെല്ലാം ലേലത്തിൽ എടുക്കാൻ തയ്യാറായില്ല. 150 തറകളിൽ പാതിയോളം മാത്രമാണ് ഏറ്റെടുക്കാൻ ആളുണ്ടായത്. വൻതുക നൽകി ലേലം വിളിച്ചാൽ നഷ്ടം വരുമോയെന്ന ആശങ്കയാണ് കാരണം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തപത്മനാഭന്റെ നേതൃത്വത്തിൽ ഇന്നലെ മണപ്പുറം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മണപ്പുറത്ത് ശിവരാത്രി ബലിത്തർപ്പണം ബുധനാഴ്ച പുലർച്ചെ 12നാരംഭിക്കും. ദൂരദിക്കുകളിൽ നിന്നും വരുന്നവർ ഇന്ന് രാത്രി തന്നെ തർപ്പണം നടത്തി മടങ്ങും. രാത്രി 11.03 വരെ നീണ്ടു നിൽക്കും. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും.

അദ്വൈതാശ്രമത്തിൽ ഇന്ന് രാത്രി പത്തിന് ബലിതർപ്പണം ആരംഭിക്കും. നാളെ ഉച്ചവരെ തുടരും. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നേതൃത്വം നൽകും.

വൈകിട്ട് അഞ്ചിന് നടക്കുന്ന സർവ്വമത സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ 3,000 പൊലീസ് സുരക്ഷ ക്രമീകരണങ്ങൾക്കായി രംഗത്തുണ്ട്. നഗരസഭ, ഫയർഫോഴ്സ്, നേവി, എക്സൈസ്, കെ.എസ്.ഇ.ബി, പി.ഡബ്ളിയു.ഡി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി എന്നിവ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്.