anandagopal
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപാൻ ആലുവ ശിവരാത്രി മണപ്പുറം സന്ദർശിക്കുന്നു

സുരക്ഷയ്ക്കായി വിമുക്തഭടന്മാരും

പെരിയാർ സംരക്ഷണത്തിന് പ്രത്യേക സംവിധാനമൊരുക്കുമെന്ന് പ്രസിഡന്റ്

ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ബലിതർപ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന് പുറമെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിമുക്തഭടന്മാരെയും നിയോഗിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. ആലുവ മണപ്പുറത്തെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലേതിന് സമാനമായ ഭക്തജനങ്ങൾ മണപ്പുറത്തെത്തുമെന്നാണ് കരുതുന്നത്. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിവിധ വകുപ്പുകളുമായി ചേർന്ന് ഒരുക്കിയിട്ടുണ്ട്.

പിതൃബലിക്കുള്ള ബലിത്തറകളെല്ലാം സജ്ജമാണ്. കടവുകളെല്ലാം നവീകരിച്ചു. ബലിതർപ്പണ ദ്രവ്യങ്ങൾ കെട്ടിക്കിടക്കാതിരിക്കാനായി വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്യുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സംതൃപ്തി പ്രകടിപ്പിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ മുകളിലെ മാലിന്യം കരയിലേക്ക് ശേഖരിക്കുന്ന സംവിധാനം ഉടൻ സ്ഥാപിക്കും. ശിവരാത്രി ആഘോഷങ്ങൾ കഴിഞ്ഞാണ് പദ്ധതി നടപ്പിലാക്കുക.

മണപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, മണപ്പുറം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ എന്നിവരും ദേവസ്വം പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

നഗരസഭയും വാട്ടർ അതോറിട്ടിയും കൈയൊഴിഞ്ഞു:

എം.എൽ.എ ഇടപ്പെട്ടിടും മണപ്പുറത്ത് കുടിവെള്ളത്തിയില്ല

ആലുവ: അൻവർ സാദത്ത് എം.എൽ.എ മണപ്പുറം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഒ.ജി. ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മണപ്പുറത്ത് കുടിവെള്ളസൗകര്യം ഒരുക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് വാട്ടർ അതോറിട്ടി എക്‌സി. എൻജിനീയറെ വിളിച്ച് അടിയന്തര നടപടിയാവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. കുടിവെള്ളം എത്തിക്കുമെന്നും കൂടാതെ മണപ്പുറത്ത് ദേവസ്വം ഒരുക്കിയിരിക്കുന്ന കുടിവെള്ള ടാങ്കുകളിലേക്ക് ആവശ്യമായ കുടിവെള്ളം ദേവസ്വം വാട്ടർ ടാങ്കർ ലോറികൾ അയക്കുന്ന മുറക്ക് നൽകുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചതായും എം.എൽ.എ പറഞ്ഞു.

ദേവസ്വം ബോർഡ് വിളിച്ച അവലോകനയോഗത്തിൽ കുടിവെള്ളം നൽകുന്നതിന് സംവിധാനമൊരുക്കുമെന്ന് ഉറപ്പ് നൽകിയ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. കുടിവെള്ളം എത്തിക്കുന്നതിന് യാതൊരു സംവിധാനവും ഏർപ്പെടുത്തിയില്ല. സ്ഥലം എം.എൽ.എ ആവശ്യപ്പെട്ടപ്പോൾ ആറ് ടാപ്പുകൾ സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇന്നലെ വൈകിട്ടുവരെ നടപടിയുണ്ടായില്ല. വ്യാപാരമേള ഇല്ലാത്തതിനാൽ നഗരസഭയും ഒരുക്കങ്ങളിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.