deepu

കിഴക്കമ്പലം: ട്വന്റി20 പ്രവർത്തകൻ കാവുങ്ങപറമ്പിൽ ചായാട്ടുഞാലിൽ ദീപുവിന്റെ (38 )മരണ കാരണം തലയ്ക്കേറ്റ പരിക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ. ബി.കെ. ജെയിംസ് കുട്ടി, അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. ജോമോൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

തലയ്ക്ക് പിന്നിലും വലതുചെവിയുടെ ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതോടൊപ്പം വൃക്കകൾക്ക് തകരാറുള്ളതായും വയറ്റിലെയും നെഞ്ചിലെയും അറകളിൽ മഞ്ഞ കലർന്ന ദ്രാവകമുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ശ്വാസകോശത്തിന് നീർവീക്കമുണ്ടായിരുന്നു. കരൾ രോഗമുള്ളവരിലാണ് ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ആന്തരികാവയവങ്ങൾക്കുണ്ടായ തകരാറുകൾ മരണത്തിന്റെ ആഘാതം കൂട്ടി.

ട്വന്റി20 സംഘടിപ്പിച്ച വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 ന് വൈകിട്ടാണ് ദീപുവിന് മർദ്ദനമേ​റ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 18 ന് മരിച്ചു. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിയമപ്രകാരവും കൊലപാതക ശ്രമത്തിനുമാണ് ആദ്യം കേസെടുത്തത്. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെ, കരുതിക്കൂട്ടിയുള്ള കൊലപാതക കുറ്റമാക്കി. പ്രതികൾ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.

ദീപുവിന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ

ആവശ്യപ്പെട്ടു.നിരപരാധികൾ പ്രതിയാകരുത്. കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും

അദ്ദേഹം ആവശ്യപ്പെട്ടു.