കൊച്ചി: കൊച്ചിക്കാരുടെ ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഇനി വിട. നഗരവാസികൾക്ക് ഇനി ഓൺലൈനായി കെട്ടിടനികുതി അടയ്ക്കാം. 2013 ഏപ്രിൽ ഒന്നിനുശേഷം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ നികുതിയാണ് ആദ്യഘട്ടത്തിൽ ഇന്നലെ മുതൽ ഓൺലൈനാക്കിയത്.
kochicorporation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 2013ന് ശേഷം നിർമ്മാണം പൂർത്തീകരിച്ച 89,166 കെട്ടിടങ്ങളുടെ നികുതി അടയ്ക്കാം. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും കാലപഴക്ക സർട്ടിഫിക്കറ്റും ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്ന് മേയർ എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബറോടെ മുഴുവൻ കെട്ടിടനികുതിയും ഓൺലൈൻ വഴിയാക്കും. കോർപ്പറേഷനിലെ ഇ-ഗവേണൻസ് രംഗത്തെ നിർണായകമായ ചുവടുവയ്പാണിതെന്നും മേയർ പറഞ്ഞു. പുതിയ വെബ്സൈറ്റിന്റെയും ഓൺലൈനായി നികുതി അടയ്ക്കുന്നതിന്റെയും ഉദ്ഘാടനം മേയർ നിർവഹിച്ചു.
പഴയ കെട്ടിടങ്ങളുടെ
എൻട്രി ഇന്നുതുടങ്ങും
50 ബാങ്കുകളും യു.പി.ഐ സംവിധാനവും ഉൾപ്പെടുത്തിയാണ് പേമെന്റ് ഗേറ്റ്‌വേ ഒരുക്കുന്നത്. വെബ്‌സൈറ്റിലെ കെട്ടിടവിവരണങ്ങളിലും നികുതിയിലും ആക്ഷേപമുള്ളവർക്ക് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഇ-മെയിൽ ഐ.ഡിയിലും കോർപ്പറേഷന്റെ മേഖലാ ഓഫീസിലും പരാതിപ്പെടാം. ഏഴുദിവസത്തിനകം പരാതി പരിഹരിക്കും.
കെട്ടിടവിവരണ രജിസ്റ്ററുകളിൽ നോക്കി 2013ന് മുമ്പുള്ള 2.5 ലക്ഷം കെട്ടിടങ്ങളുടെ വിവരങ്ങൾ ഇന്നുമുതൽ എൻട്രി ചെയ്യും. ഇത് പൂർത്തിയാകാൻ ആറുമാസം വേണം. നികുതിദായകർക്ക് അതത് മേഖലാ ഓഫീസുകളിൽ അപേക്ഷ നൽകിയാൽ 2013ന് മുമ്പ് നികുതി നിർണയിക്കപ്പെട്ട കെട്ടിടങ്ങളുടെ പേമെന്റ് ഓൺലൈനാക്കാനുള്ള സൗകര്യം കോർപ്പറേഷൻ ഒരുക്കും.
2021
നിലവിൽ 2021 സെപ്തംബർ ഏഴുമുതലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകളും ഓൺലൈനിലൂടെ ലഭ്യമാണ്. കഴിഞ്ഞ സെപ്തംബർ മുതൽ കോർപറേഷനിലെ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കി തുടങ്ങിയിരുന്നു.
കച്ചവടക്കാർക്കും നേട്ടം
കച്ചവടസ്ഥാപനങ്ങളുടെ തൊഴിൽ നികുതി ഓൺലൈനാക്കാനുള്ള നടപടികൾ കോർപ്പറേഷൻ ഏപ്രിലിൽ ആരംഭിക്കും. ഇ-ഗവേണൻസ് സംവിധാനം ഏർപ്പെടുത്താനായി നൽകിയ മുൻ കരാർമൂലം കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് മേയർ പറഞ്ഞു. 2011ൽ ടി.സി.എസിനാണ് കരാർ നൽകിയത്.
മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം വന്നിട്ടും കോർപ്പറേഷനിൽ ഏർപ്പെടുത്തിയിരുന്നില്ല. സേവനങ്ങൾ പൂർണമായും ലഭ്യമാക്കാത്തതിന് നിയമനടപടി സ്വീകരിച്ചാൽ ഫലമുണ്ടാകില്ലെന്നാണ് കോർപ്പറേഷന് ലഭിച്ച നിയമോപദേശം.