പറവൂർ: കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബറിൽ നടക്കും. ഡിസംബർവരെയുള്ള മാസങ്ങളിൽ പൂർവവിദ്യാർത്ഥി - അദ്ധ്യാപക സംഗമം, സുവനീർ പ്രകാശനം, ദ്വീപശിഖ, ധ്വജപ്രയാണം, അക്ഷരവർഷം 150 പവലിയൻ സമർപ്പണം, സാംസ്കാരിക ഘോഷയാത്ര, കലാ -കായിക- രചനാ മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക, വിദ്യാഭ്യാസ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. ഭവനരഹിതയായ വിദ്യാർഥിക്ക് അക്ഷരഭവനം എന്ന പേരിൽ വീട് നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ എം.ബി. സ്യമന്തഭദ്രൻ പറഞ്ഞു. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
2016ൽ പ്രണാമം എന്ന പേരിൽ സംഘടിപ്പിച്ച പൂർവഅദ്ധ്യാപക കൂട്ടായ്മ ഡോ.എം. ലീലാവതി ഉദ്ഘാടനം ചെയ്തതോടെയാണ് അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ജൂബിലി സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. തുടർപരിപാടികൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, വാർഡ് അംഗം സിന്ധു നാരായണൻകുട്ടി, ഹെഡ്മിസ്ട്രസ് വി.സി. റൂബി, പി.ടി.എ പ്രസിഡന്റ് കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.