water
പൊടിശല്യം പരിഹരിക്കാൻ ആലുവ പാലസ് റോഡിൽ ബി.ജെ.പി പ്രവർത്തകർ ടാങ്കറിൽ വെള്ളം എത്തിച്ച് റോഡ് നനക്കുന്നു

ആലുവ: ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ശിവരാത്രി അവലോകന യോഗത്തിൽ മണപ്പുറത്ത് ആവശ്യമായ കുടിവെള്ളം എത്തിക്കുമെന്നും പാലസ് റോഡിലെ പൊടിശല്യം ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും ഉറപ്പ് നൽകിയ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ വാക്ക് പാലിച്ചില്ല. മണപ്പുറത്ത് കുടിവെള്ളവും നൽകിയില്ല, പാലസ് റോഡിലെ പൊടിശല്യവും മാറ്റിയില്ല. പഴയ കോൺഗ്രസ് ഹൗസിന് മുമ്പിൽ റോഡിന് കുറുകെയുണ്ടായിരുന്ന ഒരുതോട് മെറ്റിൽ ഉപയോഗിച്ച് അടക്കുക മാത്രമാണ് വാട്ടർ അതോറിട്ടി ചെയ്തത്. പമ്പുകവല മുതൽ ബാങ്കുകവലവരെ ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ പാതിയോളം ഭാഗവും ടാറിംഗ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പൈപ്പുകൾ മാറ്റി സ്ഥാപിച്ചെങ്കിലും ഇതുവരെ ടാറിംഗ് നടത്തി പൂർവ്വ സ്ഥിതിയിലാക്കിയിട്ടില്ല. പൈപ്പിടൽ ജോലി പൂർത്തിയാക്കിയെന്ന് അറിയിച്ചെങ്കിലേ പൊതുമരാമത്ത് വകുപ്പിന് ടാറിംഗ് ആരംഭിക്കാനാകൂ. വാട്ടർ അതോറിട്ടിയുടെ ജോലി ഇഴഞ്ഞുനീങ്ങുന്നതിനാൽ മാസങ്ങളായിട്ടും ടാറിംഗിലേക്ക് എത്തിയിട്ടില്ല.

അവലോകന യോഗത്തിൽ പലരും വിഷയം ഉന്നയിച്ചതിനെത്തുടർന്ന് ശിവരാത്രി ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ വാട്ടർ അതോറിട്ടി നേരിട്ട് വെള്ളം തളിക്കാമെന്നും പരമാവധി പൊടികൾ നീക്കം ചെയ്യാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭാഗത്തേക്ക് ഇവർ തിരിഞ്ഞുനോക്കിയില്ലെന്നതാണ് വാസ്തവം. ഇതേത്തുടർന്ന് വഴികളിലെല്ലാം പൊടിമയമാണ്. ഈ ഭാഗത്ത് നിരവധി വിദ്യാലയങ്ങൾ ഉള്ളതിനാൽ കുട്ടികളെല്ലാം വിഷമിക്കുകയാണ്.

സമാനമായ സാഹചര്യമാണ് മണപ്പുറത്തും വാട്ടർ അതോറിട്ടി കാണിച്ചത്. ആവശ്യത്തിന് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഉണ്ടായില്ല. ഉച്ചയ്ക്ക് സ്ഥലം സന്ദർശിച്ച അൻവർ സാദത്ത് എം.എൽ.എ ദേവസ്വം ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടപ്പോൾ ആറ് ടാപ്പുകൾ സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും നടപടി ഉണ്ടായില്ല.

പാലസ് റോഡിൽ വെള്ളം തളിച്ച് ബി.ജെ.പി

ബാങ്ക് കവല മുതൽ പമ്പ് കവല വരെ റോഡിലെ പൊടിശല്യം പരിഹരിക്കാത്തതിനെത്തുടർന്ന് ബി.ജെ.പി പ്രവർത്തകർ ടാങ്കറിൽ വെള്ളം എത്തിച്ച് റോഡ് നനച്ചു. മണ്ഡലം വൈസ് പ്രസിഡന്റ എ.സി. സന്തോഷ്‌കുമാർ, ടൗൺ കമ്മിറ്റി പ്രസിഡന്റ് എൻ. ശ്രീകാന്ത്, വൈസ് പ്രസിഡന്റ് പത്മകുമാർ, കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പി. പ്രതീഷ്, എം.വി. രവിവർമ്മ, കൃഷ്ണപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ആലുവ നഗരസഭയും വാട്ടർ അതോറിട്ടിയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.