road
മൂവാറ്റുപുഴ നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ ജനശക്തി റോഡ്

മൂവാറ്റുപുഴ: നഗരസഭയിൽ ഒന്ന് രണ്ട് വാർഡുകളിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നഗരസഭ തയ്യാറാകാത്തതിൽ പ്രതിഷേധമുയരുന്നു. ഒന്നാംവാർഡിൽ പുളിഞ്ചുവട് ഭാഗത്തെ വാഴപ്പിള്ളി സെൻട്രൽ റോഡ്, രണ്ടാം വാർഡിൽ ജനശക്തി റോഡ്, ഇ.എം.എസ് കനാൽ ബണ്ട് റോഡ് എന്നിവ തകർന്നിട്ട് രണ്ട് വർഷത്തോളമായി. റോഡുകൾ ടാർചെയ്ത് നവീകരിക്കാൻ 2020ൽ മുൻ എം.എൽ.എ എൽദോ എബ്രഹാം തുക അനുവദിച്ചതാണ്. സെൻട്രൽ റോഡിന് എട്ടുലക്ഷം, ജനശക്തി റോഡിന് അഞ്ചുലക്ഷം, ഇ.എം.എസ് കനാൽ ബണ്ട് റോഡിന് ആറ് ലക്ഷവുമാണ് അനുവദിച്ചത്. മൂന്നുതവണ ക്വട്ടേഷൻ വിളിച്ചെങ്കിലും നഗരസഭയുടെ അനാസ്ഥമൂലം കരാറെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സ്ഥിതിയുമുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതമാണ്. കനാൽ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് ടാറിംഗ് പൂർത്തിയായില്ലെങ്കിൽ പ്രദേശവാസികൾ കൂടുതൽ ദുരിതത്തിലാകും.

നിലവിൽ അനുവദിച്ച തുക പാഴാക്കി പുതിയ പദ്ധതിയുണ്ടാക്കാനാണ് നഗരസഭയുടെ നീക്കം. നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചുവെന്നതാണ് കാരണം പറയുന്നത്. വാർഡ് അംഗങ്ങൾ കൗൺസിലിൽ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും റോഡ് നവീകരണത്തിന് തീരുമാനമായില്ല.റോഡ് നിർമ്മാണം ഉപയോക്താക്കളുടെ സമിതിക്ക് നൽകണമെന്നാണ് ആവശ്യം.