തൃക്കാക്കര: തൃക്കാക്കര നഗരസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പുതിയൊരു അദ്ധ്യായം കൂടി. ബഡ്‌ജറ്റ് അവതരണമാണ് ഇപ്പോൾ ചൂടുള്ള ചർച്ച. 2022-23ലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ ചേർന്ന ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വരവുചെലവ് കണക്കുകൾക്ക് അംഗീകാരം നേടാനായില്ല.
നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിലാണ് 2021-22ലെ പുതുക്കിയ ബഡ്ജറ്റും 2022-23ലെ ബഡ്ജറ്റ് എസ്റ്റിമേറ്റും പ്രകാരമുള്ള കണക്കുകൾ പരിഗണനയ്ക്കായി എത്തിയത്. എന്നാൽ, കണക്കുകൾ അവ്യക്തമാണെന്ന് വ്യക്തമാക്കി കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും എതിർത്തു. ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്ന ആരോപണവും ഉയർന്നു. തർക്കം രൂക്ഷമായതോടെ കമ്മിറ്റി തീരുമാനമെടുക്കാതെ പിരിഞ്ഞു.
നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർമാൻ അവതരിപ്പിക്കണമെങ്കിൽ ധനകാര്യ കമ്മിറ്റിയുടെ അംഗീകാരം വേണം. അല്ലെങ്കിൽ, മുൻസിപ്പൽ സെക്രട്ടറി ബഡ്ജറ്റ് കൗൺസിൽ മുമ്പാകെ മേശപുറത്തുവച്ച്, ചെയർപേഴ്‌സൺ അവതരിപ്പിക്കണം. ഏഴംഗ കമ്മിറ്റിയിൽ നാലുപേരാണ് എതിർപ്പറിയിച്ചത്.