കൊച്ചി: ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ 72-ാമത് വാർഷികം കൊച്ചി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സായുധ സമരത്തിലൂടെ അധികാരം നേടാമെന്ന ആശയവും ചിന്തയുമെല്ലാം പാർട്ടിയുടെ മുന്നോട്ടുള്ള വളർച്ചക്ക് വിഘാതമായെന്ന് പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചുവെന്നും മൂന്നാം പാർട്ടി കോൺഗ്രസ് അത് തിരുത്തുകയും ചെയ്തുവെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമം ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചു നടത്തിയതല്ല, ക്രൂരമായ പൊലീസ് അതിക്രമങ്ങൾ അറിയാവുന്ന നേതാക്കൾ സഹപ്രവർത്തകരായ രണ്ടുപേരെ പൊലീസ് പിടിച്ചതും ഒരാളെ തല്ലിക്കൊന്നുവെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിൽ മരിക്കാത്ത സഖാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും അർപ്പണബോധത്തിന്റെയും മാനുഷിക വികാരത്തിന്റെയും ഏറ്റവും വലിയ അടയാളമാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ സംഭവമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. മജ്‌നു കോമത്ത് അഭിപ്രായപ്പെട്ടു. എൻ.എം. പിയേഴ്‌സൺ, അലി അക്ബർ, എ.കെ. അംബികൻ, സി.ഐ. സി.സി. ജയചന്ദ്രൻ, കെ.എം. ശരത്ചന്ദ്രൻ, പി.എൻ. സീനുലാൽ എന്നിവർ സംസാരിച്ചു.