
കേന്ദ്ര ബഡ്‌ജറ്റിൽ കാർഷിക മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന നിർദ്ദേശങ്ങൾ കുറവാണ്. കർഷകന്റെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന മുൻ പ്രഖ്യാപനത്തെക്കുറിച് പരാമർശങ്ങളൊന്നുമില്ല! സമരം പിൻവലിച്ച കർഷകർക്ക് പ്രത്യേക പാക്കേജൊന്നും ബഡ്‌ജറ്റിലില്ല. നെല്ലിനും ഗോതമ്പിനും ഉയർന്ന തുക സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ട്. കാർഷികോത്പന്നങ്ങൾക്ക് പി.പി.പി അടിസ്ഥാനത്തിൽ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് ഡിജിറ്റൽ വിജ്ഞാന വ്യാപന, വിപണന ശൃംഖല പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ടെക്നോളജികൾ ഉത്പാദനം, പരിചരണം, വിപണനം എന്നിവയിൽ കൂടുതലായി പ്രവർത്തികമാക്കാനും, പ്രകൃത്യാലുള്ള, ചെലവില്ലാത്ത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനുമുള്ള നിർദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്.
സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ഊന്നൽ നല്കിയിട്ടുണ്ട്. ഇതിനായി നബാർഡുമായി ചേർന്ന് പ്രത്യേക ബ്ലെൻഡഡ് ഫണ്ട് ലഭ്യമാക്കും. നിലവിലുള്ള പി.എം കിസാൻ വികാസ് നിധി, ആത്മനിർഭർ പാക്കേജിൽ ഉൾപ്പെട്ട കാർഷിക, മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ടുകൾ, രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷൻ, ഹോർട്ടികൾച്ചർ വികസനം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ പദ്ധതികൾ തുടരും. ചെറുധാന്യങ്ങളുടെ ഉപഭോഗം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കാനും കാർഷിക സർവകലാശാലകളുടെ സിലബസിൽ നാച്ചുറൽ, ഓർഗാനിക് ഫാമിംഗ്, ചെലവില്ലാക്കൃഷി എന്നിവ ഉൾപ്പെടുത്താനും നിർദ്ദേശങ്ങളുണ്ട്.
(ലേഖകൻ ബംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും കേരള വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറുമാണ്)