mitun

തിരുവനന്തപുരം :കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടൻബോംബുകളുമായി പിടികൂടി.വെമ്പായംതേക്കട പാറപ്പൊറ്റയിൽ ലക്ഷ്മി ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന മിഥുൻ (27),കാഞ്ഞിരംപാറ ബി.പി.കെ നഗറിൽ കണ്ണൻ എന്ന് വിളിക്കുന്ന സാഗർ (20),കരകുളം ചക്കാലമുകൾ സി.എസ്.ഐ ചർച്ചിന് സമീപം പപ്പടം എന്ന് വിളിക്കുന്ന നിധിൻ (20) എന്നിവരെയാണ് സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്‌ഫോർ ഓർഗനൈസിഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ വട്ടിയൂർക്കാവ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച് നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു.വട്ടിയൂർക്കാവ്‌ പൊലീസും സ്‌പെഷ്യൽ ടീമും സംയുക്തമായി കാഞ്ഞിരംപാറയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളുമായി പിടികൂടിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്ന് നാടൻബോംബുകളും കണ്ടെടുത്തിട്ടുണ്ട്.വെമ്പായം സ്വദേശിയായ മിഥുനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരവും അടിപിടികേസുകളും വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പിടിയിലായ സാഗർ വധശ്രമകേസിലെ പ്രതിയും,കാഞ്ഞിരംപാറയിൽ ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയുമാണ്.വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രകാശ്,സന്ദു,അരുൺ പ്രസാദ്,സി.പി.ഒ ഹരികൃഷ്ണൻ എന്നിവരും സ്‌പെഷ്യൽ ടീം അംഗങ്ങളും ചേർന്നാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ റിമാൻഡ് ചെയ്തു.