
കൊച്ചി: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ വൻ സ്വീകാര്യത നേടിയ എസ്.യു.വിയായ ക്യു7ന്റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പ് വിപണിയിലെത്തി. അടിസ്ഥാന മോഡലായ പ്രീമിയം പ്ളസിന് 79.99 ലക്ഷം രൂപയും ഉയർന്ന മോഡലായ ടെക്‌നോളജി പതിപ്പിന് 88.33 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
ഒരിടവേളയ്ക്ക് ശേഷമാണ് ക്യു7ന്റെ പരിഷ്‌കരിച്ച പതിപ്പ് ഔഡി പുറത്തിറക്കുന്നത്. പുത്തൻ ക്യു7ന്റെ അകത്തളത്തിലും പുറംമോടിയിലും കാതലായ മാറ്റങ്ങളുണ്ട്.
പുത്തൻ ക്യു7ന് പെട്രോൾ ഹൃദയം മാത്രമേയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. 340 എച്ച്.പി കരുത്തുള്ളതാണ്, 3.0 ലിറ്റർ വി6, ടർബോ പെട്രോൾ എൻജിൻ. 500 എൻ.എം ആണ് പരമാവധി ടോർക്ക്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഒപ്പമുള്ളത്. ക്വാട്രോ-ഓൾവീൽ ഡ്രൈവ് സംവിധാനം മികച്ച പെർഫോമൻസ് ഉറപ്പാക്കും.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 5.9 സെക്കൻഡിൽ കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. ബി.എം.ഡബ്ല്യു എക്‌സ് 5, മെഴ്‌സിഡെസ്-ബെൻസ് ജി.എൽ.ഇ., വോൾവോ എക്‌സ്.സി 90 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.
ഫീച്ചർ സമ്പന്നമായ പുത്തൻ ക്യു7 കരാറ വൈറ്റ്, മിതോസ് ബ്ളാക്ക്, നവാറ ബ്ളൂ, സാമുറായ് ഗ്രേ, ഫ്ളോററ്റ് സിൽവർ നിറങ്ങളിൽ ലഭിക്കും.