padmini

കൊച്ചി: ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡറിനും മാരുതിയുടെ 800നുമൊപ്പം ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന പദ്മിനി കാറുകൾ നിർമ്മിച്ചിരുന്ന പ്രീമിയർ കമ്പനിയെ ചെന്നൈ ആസ്ഥാനമായ എൻജിനിയറിംഗ് കമ്പനി ഫാബ് മെറ്റൽസ് ഏറ്റെടുക്കും.
വായ്‌പാ കുടിശിക വീട്ടാനാകാതെ പ്രതിസന്ധിയിലായ പ്രീമിയർ ലിമിറ്റഡിനെ ഇൻസോൾവൻസി നടപടികളിലൂടെയാണ് ഫാബ് മെറ്റൽസ് ലിമിറ്റഡ് ഏറ്റെടുക്കുന്നത്. പ്രീമിയറിന് വായ്‌പ നൽകിയവർക്ക് 90 ദിവസത്തിനകം തുക കൈമാറാമെന്ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനോട് (എൻ.സി.എൽ.ടി)​ ഫാബ് മെറ്റൽസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രീമിയറിനെ ഏറ്റെടുക്കാനായി മൊത്തം ഏഴ് പ്രൊപ്പോസലുകളാണ് ലഭിച്ചത്. ഫാബ് മെറ്റൽസിന് പുറമേ ശാന്തി ജി.ഡി ഇസ്പത് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്,​ സാധനാ നൈട്രോ കെം ലിമിറ്റഡ്,​ ബൊമ്മിദാല എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്,​ പാലിക ടൗൺസ് എൽ.എൽ.പി.,​ റൺവാൾ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,​ ഫോർച്യൂണ എൻജിനിയറിംഗ് ടെക് ആൻഡ് സ്ട്രക്‌ചറൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണവ.