rbi

കൊച്ചി: കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) നടപ്പുവർഷത്തെ (2021-22) അവസാനയോഗം നാളെമുതൽ 10വരെ നടക്കും. പത്തിനാണ് ധനനയ പ്രഖ്യാപനം.

ഏഴ് മുതൽ 9 വരെ നടക്കേണ്ടതായിരുന്നു ധനനയ നിർണയ യോഗം. ലതാ മങ്കേഷ്‌കറിന്റെ മരണത്തെ തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചതിനാൽ, യോഗം നാളെ തുടങ്ങി 10വരെ നടത്താൻ റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.

സുസ്ഥിരവളർച്ച ലക്ഷ്യമിട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇത്തവണത്തെ ബഡ്‌ജറ്റ് മുന്നോട്ടുവയ്ക്കുന്നത് കടപ്പത്രങ്ങൾ (ബോണ്ട്) പുറത്തിറക്കി പൊതുവിപണിയിൽ നിന്ന് ഏകദേശം 15 ലക്ഷം കോടി രൂപയുടെ കടംവാങ്ങലാണ്. ബഡ്‌ജറ്റിന് പിന്നാലെ ബോണ്ട് യീൽഡ് (കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകന് ലഭിക്കുന്ന ലാഭം) രണ്ടുവർഷത്തെ ഉയരമായ 6.9 ശതമാനത്തിലെത്തി.

ബോണ്ട് യീൽഡ് ഉയരുകയും ബാങ്ക് വായ്‌പാപ്പലിശനിരക്ക് കുറഞ്ഞനിരക്കിൽ തുടരുന്നതും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കും. ബോണ്ട് യീൽഡ് കൂടിയാൽ സർക്കാരിന്റെ കടമെടുപ്പ് ബാദ്ധ്യതയും ഉയരും. ഈ സാഹചര്യത്തിൽ, പലിശനിരക്കുകളിൽ മാറ്റംവരുത്തേണ്ട സാഹചര്യമാണുള്ളത്.

ക്രൂഡോയിൽ വില വർദ്ധന, നാണയപ്പെരുപ്പ കുതിപ്പ്, പലിശനിരക്കുകൾ ഉയർത്താനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം എന്നിവയും പലിശഭാരം കൂട്ടാനുള്ള അനുകൂലഘടകങ്ങളാണ്. എന്നാൽ, പലിശനിരക്ക് കൂട്ടാതെതന്നെ സമ്പദ്‌വളർച്ചയ്ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന സങ്കീർണാവസ്ഥയാണ് റിസർവ് ബാങ്കിനുള്ളത്.

നിലപാട് മാറ്റമുണ്ടായേക്കും

ബോണ്ട് യീൽഡും ബാങ്ക് പലിശനിരക്കും തമ്മിലെ അന്തരം കുറയ്ക്കാൻ റിസർവ് ബാങ്ക് ഇടപെടേണ്ടതുണ്ട്. നിലവിൽ റിപ്പോ നിരക്കും (നാല് ശതമാനം) റിവേഴ്‌സ് റിപ്പോയും (3.35 ശതമാനം) എക്കാലത്തെയും താഴ്ചയിലാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ 2020 മേയ്ക്ക് ശേഷം ഇവ പരിഷ്‌കരിച്ചിട്ടില്ല.

സമ്പദ്‌വളർച്ചയെ ബാധിക്കുമെന്നതിനാൽ റിപ്പോനിരക്ക് ഇത്തവണയും കൂട്ടിയേക്കില്ല. റിവേഴ്‌സ് റിപ്പോ ഉയർത്തിയേക്കാം; പലിശയിളവ് നൽകാനനുകൂലമായ 'അക്കോമഡേറ്റീവിൽ" നിന്നുമാറി 'ന്യൂട്രൽ" നിലപാടും റിസർവ് ബാങ്ക് സ്വീകരിച്ചേക്കും.

ഉറ്റുനോട്ടം റിവേഴ്‌സ് റിപ്പോയിൽ

റിപ്പോ-റിവേഴ്‌സ് റിപ്പോ അന്തരം 0.25 ശതമാനത്തിൽ നിലനിറുത്തുകയാണ് പതിവെങ്കിലും ഇപ്പോഴിത് 0.65 ശതമാനമാണ്. അന്തരം കുറയ്ക്കാനായി റിവേഴ്‌സ് റിപ്പോ നിരക്ക് ഈ യോഗത്തിലോ ഏപ്രിലിലോ 15-40 ശതമാനം ഉയർത്തിയേക്കാം.

റിപ്പോയുടെ ഭാവി

ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്തുണ നൽകേണ്ടതിനാലും സമ്പദ്‌വളർച്ച ഉറപ്പാക്കേണ്ടതിനാലും റിപ്പോനിരക്ക് റിസർവ് ബാങ്ക് തത്കാലം കൂട്ടിയേക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. നിരക്ക് കൂട്ടിയാൽ ബാങ്ക് വായ്‌പാപ്പലിശയും ഉയരും. ഇത് ബിസിനസ് സംരംഭങ്ങളെയും പൊതുജനങ്ങളെയും തളർത്തും. എന്നാൽ, റിപ്പോനിരക്ക് സംബന്ധിച്ച അന്തിമതീരുമാനം എം.പി.സിയിലെ വോട്ടെടുപ്പിനെ ആശ്രയിച്ചിരിക്കും. ആറംഗ എം.പി.സിയിൽ നിരക്കുവർദ്ധനയെ കൂടുതൽ പേർ പിന്തുണച്ചാൽ പലിശഭാരം ഉയരും.

നിലവിലെ നിരക്കുകൾ

 റിപ്പോ നിരക്ക് : 4.00%

 റിവേഴ്‌സ് റിപ്പോ : 3.35%

 സി.ആർ.ആർ : 4.00%

 എസ്.എൽ.ആർ : 18%

 എം.എസ്.എഫ് : 4.25%