suseelan

1950 കളുടെ മദ്ധ്യത്തിൽ പത്രാധിപർ കെ. സുകുമാരന്റെ കേരളകൗമുദി ദിനപത്രത്തിൽ അച്ചുനിരത്തു തൊഴിലാളിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രായം 15 വയസ് മാത്രമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ആർ.സുശീലന്. തുടർന്ന് പത്രാധിപരുടെ വിശ്വസ്തനായി മാറിയ സുശീലൻ നീണ്ട 43 വർഷം കേരളകൗമുദിയിൽ ജോലിചെയ്തു. വിരമിച്ചപ്പോൾ നിസ്വാർത്ഥ സേവനം പരിഗണിച്ച് കേരളകൗമുദി അദ്ദേഹത്തെ ഒപ്പം നിറുത്തി. വിരമിച്ചശേഷവും പത്ര സ്ഥാപനത്തിലെ പരസ്യ വിഭാഗത്തിലും പ്രൂഫ് റീഡിങ്ങിലുമായി നീണ്ട 22 വർഷത്തെ സേവനം വീണ്ടും. കേരളകൗമുദിയുടെ മൂന്നു തലമുറയ്‌ക്കൊപ്പം ഏതാണ്ട് ആറര പതിറ്റാണ്ട്. ഒരുപക്ഷേ കേരളത്തിലെ പത്രസ്ഥാപന ജീവനക്കാരിൽ ഒരു പത്രത്തിൽ 65 വർഷം ജോലിചെയ്ത് വിരമിച്ചവർ ഇല്ലെന്നുതന്നെ ഉറപ്പിക്കാം.
കേരളകൗമുദിക്കൊപ്പം തളർച്ചയിലും വളർച്ചയിലും ഒപ്പംനിന്ന് പത്രാധിപർ കെ. സുകുമാരനിൽ തുടങ്ങി എം.എസ്. മണി, എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി തുടങ്ങി പുതുതലമുറയിലെ ദീപു രവി, ദർശൻ രവി എന്നിവരിലൂടെ മൂന്നു തലമുറയുമായി പങ്കിട്ട അടുത്ത സൗഹൃദം. പത്രാധിപരു മായുള്ള ബന്ധം പവിത്രമായ ഓർമകളായി അവസാനം വരെയും സൂക്ഷിച്ചിരുന്നു സുശീലൻ.
തൊഴിൽ സ്ഥാപനം എന്നതിലുപരി കേരളകൗമുദിയുമായുള്ള വൈകാരികബന്ധം തിരിച്ചറിഞ്ഞ മാനേജ്‌മെന്റ് വിരമിച്ചശേഷവും സുശീലന്റെ സാന്നിദ്ധ്യം തുടരാൻ നിർബന്ധിച്ചത് പ്രത്യേക പരിഗണനയാലാണ്. പത്ര ഉടമകളുടെയും സഹജീവനക്കാരുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അവസാനം വരെയും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. കൗമുദിയിലെ തലമുതിർന്ന കാരണവരായ അദ്ദേഹം പുതിയ തലമുറയിൽപെട്ട സഹജീവനക്കാരോടും വിനയത്തോടെയാണ് പെരുമാറിയിരുന്നത്.
സുശീലന്റെ ഇരട്ട സഹോദരനായ സുന്ദരനും കേരളകൗമുദിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. മകൻ സുധികുമാർ കേരളകൗമുദി ഡി. ടി. പി. യിൽ പ്രവർത്തിക്കുന്നുണ്ട്. ഗിരിജയാണ് ഭാര്യ.
കേരളകൗമുദിയിലെ ആദ്യകാല ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റും പേട്ടയിലെ മിനർവ പ്രസുടമയുമായിരുന്ന പരേതനായ മിനർവ ശിവാനന്ദന്റെ ഭാര്യാ സഹോദരനാണ്.

(ലേഖകന്റെ ഫോൺ : 9037545565)