
കൊച്ചി: തുടർച്ചയായ പത്താം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കിൽ മാറ്റംവരുത്താതെ ധനനയം പ്രഖ്യാപിച്ചു. റിപ്പോനിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. രണ്ടും എക്കാലത്തെയും താഴ്‌ന്നനിരക്കാണ്. കൊവിഡ് പശ്ചാത്തലത്തിൽ 2020 മേയ്ക്ക് ശേഷം നിരക്കുകൾ പരിഷ്‌കരിച്ചിട്ടില്ല.
മുഖ്യ പലിശനിരക്കുകൾ മാറ്റാത്തതിനാൽ ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശനിരക്കുകളും കുറഞ്ഞനിരക്കിൽ തുടരും.
സമ്പദ്‌വളർച്ചയുടെ തിരിച്ചുകയറ്റത്തിന് ആവശ്യമായ വേളകളിലെല്ലാം പലിശനിരക്ക് ആകർഷകമാക്കി നിലനിറുത്താനുള്ള 'അക്കോമഡേറ്റീവ്" നിലപാട് തുടരാനും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതി (എം.പി.സി) തീരുമാനിച്ചു.
ഇ-റുപ്പിയിൽ ഒരുലക്ഷം
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രവും എൻ.പി.സി.ഐയും റിസർവ് ബാങ്കും ചേർന്ന് കഴിഞ്ഞ ആഗസ്‌റ്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വൗച്ചറായ ഇ-റുപ്പിയിലെ ഉയർന്ന ഇടപാട് പരിധി നിലവിലെ 10,000 രൂപയിൽ നിന്ന് റിസർവ് ബാങ്ക് ഒരുലക്ഷം രൂപയാക്കി.
തുടക്കത്തിൽ കൊവിഡ് വാക്‌സിനുകൾ വാങ്ങാനാണ് ഇ-റുപ്പി ഉപയോഗിച്ചിരുന്നത്. കോർപ്പറേറ്റുകൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും ഇ-റുപ്പി പ്രയോജനപ്പെടുത്താം. സർക്കാർ സബിസിഡി, പെൻഷൻ, ജീവനക്കാർക്ക് ആനുകൂല്യങ്ങൾ, വിവിധ ഫീസടവ്, ഉത്‌പന്ന/സേവന വാങ്ങലുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.
എസ്.എം.എസ്/ക്യു.ആർ കോഡ് വഴി ലഭിക്കുന്ന പ്രീ-പെയിഡ് വൗച്ചറാണിത്.
ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.
ഇന്റർനെറ്റില്ലാത്ത ഫീച്ചർ ഫോണുകളിലും ലഭ്യം.
വ്യക്തിഗത വിവരങ്ങൾ നൽകേണ്ട.
വൗച്ചറിലെ തുക തീരും വരെ എത്രവട്ടവും ഉപയോഗിക്കാം.
(ഇന്ത്യ വളരും 7.8 ശതമാനം : വിശദവാർത്ത വാണിജ്യം പേജിൽ)