rbi

കൊച്ചി: ആഗോളതലത്തിൽ നാണയപ്പെരുപ്പം പരിധിവിട്ടുയരുകയും അമേരിക്കയും ഇംഗ്ളണ്ടുമടക്കം ഒട്ടുമിക്ക രാജ്യങ്ങളും പലിശനിരക്ക് കൂട്ടാനുറയ്ക്കുകയും ചെയ്‌ത പശ്ചാത്തലത്തിൽ ഇക്കുറി റിസർവ് ബാങ്കും പലിശവർദ്ധനയുടെ വണ്ടിപിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സമ്പദ്‌വളർച്ചയുടെ തിരിച്ചുകയറ്റത്തിന് പിന്തുണ തുടരണമെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഒറ്റക്കെട്ടായി നിരക്കുകൾ നിലനിറുത്തി.

പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമായ 'അക്കോമഡേറ്റീവ്" നിലപാടും തുടരും. ഇതിനെ സമിതിയിലെ സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ. ജയന്ത് വർമ്മ മാത്രം എതിർത്തു. നാണയപ്പെരുപ്പം നിയന്ത്രിക്കാനാവശ്യമായ 'ന്യൂട്രൽ" നിലപാടിലേക്ക് മാറണമെന്നാണ് ജയന്തിന്റെ വാദം.

ഇന്ത്യ വളരും 7.8%

നടപ്പുവർഷം (2021-22) ഇന്ത്യ 9.2 ശതമാനവും അടുത്തവർഷം (2022-23) 7.8 ശതമാനവും വളരുമെന്നും ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 2020-21ൽ വളർച്ച നെഗറ്റീവ് 6.6 ശതമാനമായിരുന്നു. മികച്ച വാക്‌സിനേഷനും കേന്ദ്ര ഉത്തേജക പദ്ധതികളും കരുത്താണ്.

സ്വകാര്യ ഉപഭോഗം ഒഴിച്ച് ജി.ഡി.പി വളർച്ചാനിർണയത്തിലെ എല്ലാ വിഭാഗങ്ങളും 2019-20നേക്കാൾ മെച്ചപ്പെട്ടു. വളർച്ചാപ്രതീക്ഷ:

 2022-23 ജൂൺപാദം : 17.2%

 സെപ്‌തംബർപാദം : 7.0%

 ഡിസംബർപാദം : 4.3%

 മാർച്ചുപാദം : 4.5%

വിലക്കയറ്റം ശക്തം

ക്രൂഡ് വിലവർദ്ധന മൂലം ഈമാസം റീട്ടെയിൽ നാണയപ്പെരുപ്പം നിയന്ത്രണപരിധി (6 ശതമാനം) ലംഘിച്ചുവെന്ന് റിസർവ് ബാങ്ക് വിലയിരുത്തി. മികച്ച മൺസൂണിന്റെ പിൻബലത്തിൽ 2022-23ൽ നാണയപ്പെരുപ്പം കുറയും.

പ്രതീക്ഷ:

 2021-22 : 5.3%

 ജനുവരി-മാർച്ച് : 5.7%

 2022-23 : 4.5%

 ജൂൺപാദം : 4.9%

 സെപ്തംബർപാദം : 5.0%

 ഡിസംബർപാദം : 4.0%

 മാർച്ചുപാദം : 4.2%

ശ്രദ്ധേയ പ്രഖ്യാപനങ്ങൾ

പൊതുവിപണിയിലെ അധികപ്പണം നിയന്ത്രിക്കാനുള്ള റിപ്പോ, റിവേഴ്‌സ് റിപ്പോ (വി.ആർ.ആർ.ആർ) ലേലങ്ങൾ തുടരും.

 സർക്കാർ, കോർപ്പറേറ്റ് കടപ്പത്രങ്ങളിലേക്ക് വോളന്ററി റീട്ടെൻഷൻ സ്കീം പ്രകാരമുള്ള വിദേശനിക്ഷേപ പരിധി 1-1.5 ലക്ഷം കോടിയിൽ നിന്ന് 2.5 ലക്ഷം കോടി രൂപയാക്കി; ഇത് കൂടുതൽ മൂലധന സമാഹരണത്തിന് വഴിയൊരുക്കും.

 ഉത്പന്ന/സേവനങ്ങൾ കടമായി വിറ്റവകയിൽ എം.എസ്.എം.ഇകൾക്ക് കിട്ടാനുള്ള കുടിശിക അതിവേഗം വീട്ടുന്ന 'ട്രെഡ്‌സ്" പദ്ധതിയിലെ (എൻ.എ.സി.എച്ച്) പരിധി ഒരുകോടിയിൽ നിന്ന് മൂന്നുകോടി രൂപയാക്കി. ഇത് എം.എസ്.എം.ഇകൾക്ക് വലിയ ആശ്വാസമാകും.

 ആരോഗ്യമേഖലയ്ക്ക് ആനുകൂല്യങ്ങളോടെ വായ്‌പ ലഭ്യമാക്കുന്ന പദ്ധതി 2022 മാർച്ച് 31ൽ നിന്ന് ജൂൺ 30ലേക്ക് നീട്ടി. 50,000 കോടിരൂപയാണ് ബാങ്കുകൾ വകയിരുത്തുക.

 കോണ്ടാക്‌ട്-ഇന്റൻസീവ് സെക്‌ടറുകൾക്ക് (ഹോട്ടൽ, റസ്‌റ്റോറന്റ്, ടൂർ/ട്രാവൽ ഓപ്പറേറ്റർമാർ, സ്വകാര്യ ബസ്, ഏവിയേഷൻ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, സ്പാ, ബ്യൂട്ടി പാർലർ) കുറഞ്ഞ പലിശയ്ക്ക് വായ്‌പ നൽകുന്ന പദ്ധതിയുടെ കാലാവധിയും മാർച്ച് 31ൽ നിന്ന് ജൂൺ 30ലേക്ക് നീട്ടി. 15,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ക്രിപ്‌റ്റോ ഭീഷണി

സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ രാജ്യത്തിന്റെ സമ്പദ്‌ഘടനയ്ക്ക് ഭീഷണിയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഊഹങ്ങളിലൂടെയാണ് അവയുടെ വ്യാപാരം. സുരക്ഷയോ മൂല്യസ്ഥിരതയോ ഇല്ല. ക്രിപ്‌റ്റോ ഇടപാടുകാർ ജാഗ്രത കാട്ടണം.

ഡിജിറ്റൽ റുപ്പി

ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) നിലവിലെ രൂപയുടെ ഡിജിറ്റൽ രൂപമായിരിക്കും. 2022-23ൽ തന്നെ പുറത്തിറക്കും.

മാറാതെ നിരക്ക്

 റിപ്പോ നിരക്ക് : 4.00%

 റിവേഴ്‌സ് റിപ്പോ : 3.35%

 സി.ആർ.ആർ : 4.00%

 എം.എസ്.എഫ് : 4.25%

 എസ്.എൽ.ആർ : 18%

''കൊവിഡ് സാഹചര്യത്തിൽ ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും സമ്പദ്‌ഭദ്രതയ്ക്ക് ഭീഷണിയുണ്ട്. കോർപ്പറേറ്റ് നടപടികൾ കാര്യക്ഷമമാക്കി വെല്ലുവിളികളെ നേരിടാൻ ധനകാര്യ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം"",

ശക്തികാന്ത ദാസ്,

ഗവർണർ, റിസർവ് ബാങ്ക്