
തിരുവനന്തപുരം. നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റൽ റീസർവേ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. 1666 വില്ലേജുകളിൽ 1550 വില്ലേജുകളിലും നാലു വർഷക്കാലം കൊണ്ട് ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിക്കും. ഇതിനായി 807 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി. ആദ്യഘട്ടമായി 339 കോടി രൂപ സർവെ വകുപ്പിന് അനുവദിച്ചു. സർവേ നടപടിക്കായി 1500 ഓളം സർവെയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജ് വീതവും നാലാമത്തെ വർഷത്തിൽ 350 വില്ലേജും പൂർത്തിയാക്കി 1550 വില്ലേജുകളുടെ ഡിജിറ്റൽ സർവെ നാലു വർഷത്തിൽ പൂർത്തിയാക്കി ഭൂസംബന്ധമായ നടപടികൾ ഓൺലൈനിൽ കൊണ്ടുവരും.
. സർവെ ജോലികൾ ത്വരിതപ്പെടുത്തുന്നതിന് 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കും. സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ഉപകരണത്തിന്റ സഹായത്താൽ അതിവേഗം സുതാര്യമായ രീതിയിൽ സർവെ നടത്താൻ സാധിക്കും.ഡിജിറ്റൽ സർവേയ്ക്കായുള്ള ആർ.ടി.കെ റോവറും, റോബോട്ടിക് ടോട്ടൽ സ്‌റ്റേഷനും വാങ്ങുന്നതിനുള്ള ആഗോള ടെൻഡർ നടപടി 17നകം പൂർത്തിയാക്കും.