
കൊച്ചി: റഷ്യ ഏതു നിമിഷവും യുക്രെയിനെ ആക്രമിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകുകയും അവിടെയുള്ള അമേരിക്കക്കാരോട് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെ ലോകവ്യാപകമായി സ്വർണവില കുതിച്ചുയർന്നു. ഇന്ത്യയിൽ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കൂടി. പവന് വില 37,440 രൂപയായി. ഗ്രാമിന് 4,680 രൂപയും. നിക്ഷേപകർ മറ്റ് ഓഹരികളിൽ നിന്ന് പിൻവാങ്ങി സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് വില കുത്തനെ ഉയർന്നത്.
ഒരുദിവസംകൊണ്ട് വില ഇത്ര വർദ്ധിക്കുന്നത് രണ്ടുവർഷത്തിനിടെ ആദ്യമാണ്.
അതിർത്തിയിൽ സർവ സന്നാഹത്തോടെ തമ്പടിച്ചിരിക്കുന്ന ഒരു ലക്ഷത്തോളം റഷ്യൻപട യുക്രെയിനിലേക്ക് കടന്നാൽ രാജ്യാന്തര സ്വർണവില 1,900 ഡോളർ ഭേദിക്കും. പവൻവില 38,500-39,000 രൂപയും കടക്കും. വരുംദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമായാലും സ്വർണവില മുന്നേറും.
ഡോളറിന് നേട്ടം;
രൂപയ്ക്ക് നഷ്ടം
 യുദ്ധ പശ്ചാത്തലത്തിലും സുരക്ഷിതമെന്ന നിലയിലാണ് ഓഹരികളിൽ നിന്ന് പിൻവാങ്ങി ആഗോള വ്യാപകമായി സ്വർണത്തിൽ നിക്ഷേപിക്കുന്നത്
 രാജ്യാന്തരവില ഔൺസിന് 35 ഡോളർ മുന്നേറി 1,864.78 ഡോളർ വരെയെത്തി. രണ്ടുമാസത്തെ ഉയരമാണിത്
 പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കയുടെ നീക്കംകൂടി ആയതോടെ ഡോളർ ശക്തമായി. രൂപ ദുർബലമായി മൂല്യം 75.42വരെ ഇടിഞ്ഞു
 രാജ്യാന്തര സ്വർണവ്യാപാരം ഡോളറിലായതിനാൽ ഇറക്കുമതിച്ചെലവേറി. ഇതും ഇന്ത്യയിൽ വില കൂടാൻ ഇടയാക്കി
ഒരു പവൻ ആഭരണത്തിന്
₹37,440
പവൻ വില
₹1,123.2:
ജി.എസ്.ടി (3%)
₹1,872:
ശരാശരി പണിക്കൂലി (5%)
₹40,435.2
ആകെ വില
കൊവിഡിൽ വില 42,000
2020 ആഗസ്റ്റ് ഏഴിലെ 42,000 രൂപയാണ് പവന്റെ എക്കാലത്തെയും ഉയർന്ന വില. അന്ന് ഗ്രാമിന് 5,250 രൂപ. രാജ്യാന്തര റെക്കാഡ് ഔൺസിന് 2,070.05 ഡോളർ. കൊവിഡ് കാരണം ഓഹരി വിപണി ഉലയുകയും നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയും ചെയ്തു.
''യുക്രെയിൻ-റഷ്യ സംഘർഷ പശ്ചാത്തലത്തിൽ നിക്ഷേപകലോകം സ്വർണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കയറ്റമുണ്ടാക്കുന്നത്. ഏതാനും നാൾകൂടി ഈ ട്രെൻഡ് തുടർന്നേക്കാം"
ഡോ.ബി. ഗോവിന്ദൻ,
ചെയർമാൻ, ഭീമ ജുവലറി
'' മാസങ്ങളായി രാജ്യാന്തരവില 1780-1880 ഡോളറിലായിരുന്നു. 1880 ഡോളറെന്ന വൈകാരികനിരക്ക് രാജ്യാന്തരവിപണി ഭേദിച്ചാൽ വില 2,000 ഡോളറും കടക്കും. ഇത്, കേരളത്തിലും വില കൂടാൻ ഇടയാക്കും."
-അഡ്വ.എസ്. അബ്ദുൽനാസർ,
ട്രഷറർ, ഗോൾഡ് മർച്ചന്റ്സ് അസോ.