r

പൂനെ: പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോയുടെ മുൻ ചെയർമാനുമായ രാഹുൽ ബജാജ് (83)​ അന്തരിച്ചു. ഹൃദ്രോഗത്തിന് പുറമേ ന്യുമോണിയയും പിടിപെട്ട് ഒരുമാസമായി പൂനെയിലെ റൂബി ഹോൾ ക്ളിനിക്കിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. 2001ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

നാലുപതിറ്റാണ്ടോളം ബജാജ് ഗ്രൂപ്പിനെ നയിച്ച രാഹുൽ 2021 ഏപ്രിൽ 30ന് ചെയർമാൻ പദവിയൊഴിഞ്ഞു. തുടർന്ന് ചെയർമാൻ-എമിരറ്റസായി പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് പൂനെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ നടക്കുമെന്നാണ് അറിയുന്നത്.

ഭാര്യ പരേതയായ രൂപാ ബജാജ്. മക്കൾ: രാജീവ് ബജാജ് (എം.ഡി, ബജാജ് ഓട്ടോ), സഞ്ജീവ് ബജാജ് (എം.ഡി, ബജാജ് ഫിൻസെർവ്), സുനൈന കേജ്‌രിവാൾ. മരുമക്കൾ: ദീപ, ഷെഫാലി, മനീഷ്.

ബജാജ് ഓട്ടോയുടെ മുൻ സാരഥിയും ലോക്‌സഭാംഗവുമായിരുന്ന കമൽനയൻ ബജാജിന്റെയും സാവിത്രിയുടെയും മൂത്തപുത്രനായി 1938 ജൂൺ 10ന് കൊൽക്കത്തയിലായിരുന്നു ജനനം. ഇക്കണോമിക്‌സിൽ ബിരുദവും നിയമബിരുദവും നേടിയ ശേഷം ഹാർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എയും പാസായ രാഹുൽ 1968ൽ ബജാജ് ഓട്ടോയുടെ സി.ഇ.ഒ ആയി. ഹാർവാഡ് നൽകുന്ന അലുംനി പുരസ്കാരം നേടിയ ഏക ഇന്ത്യക്കാരനാണ്.

1972ൽ പിതാവിന്റെ മരണത്തോടെ സി.എം.ഡിയായി. 1986 മുതൽ 89വരെ ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാനായിരുന്നു. 2006-10ൽ രാജ്യസഭാംഗവുമായി.
(നെഹ്റു കുടുംബത്തിന്റെ തോഴൻ - വാണിജ്യം പേജിൽ)