
കൊച്ചി: ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ ആൽഫ റോമിയോ ഈമാസമാദ്യം പുറത്തിറക്കിയ എസ്.യു.വിയാണ് ടൊണാലെ. പേരിലെ വ്യത്യസ്‌തതപോലെ ഒട്ടേറെ പുതുമകളും മികവുകളും അഴകാക്കി നിരത്തുകളുടെ പ്രണയനായകനാകാനാണ് ടൊണാലെയുടെ വരവ്.
ആൽഫ റോമിയോ എന്ന വാഹന ബ്രാൻഡ് പല ഇന്ത്യക്കാർക്കും പരിചയമുണ്ടാവില്ല. എന്നാൽ, ലോകത്തെ തന്നെ നാലാമത്തെ വലിയ വാഹന നിർമ്മാണക്കമ്പനിയാണിത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ മസെരാറ്റി, ജീപ്പ്, ഡി.എസ്., ലാൻസിയ തുടങ്ങിയ പ്രമുഖ വാഹന ബ്രാൻഡുകളുടെ ഉടമസ്ഥരായ സ്‌റ്റെലാന്റിസിനെ കീഴിലെ കമ്പനിയാണ് ആൽഫ റോമിയോയും.
ഇറ്റാലിയൻ പർവതനിരകൾക്കിടയിലെ ടൊണാലെ പാസിൽ നിന്നാണ് ആൽഫ റോമിയോയുടെ പുത്തൻ എസ്.യു.വിക്ക് ആ പേര് ലഭിച്ചത്. വിപണി വിഹിതം ഉയർത്തുക മാത്രമല്ല, ഇലക്‌ട്രിക് ശ്രേണിയിൽ കൂടുതൽ ശക്തരാവുക കൂടി ലക്ഷ്യമിട്ടാണ് ടൊണാലെയെ ആൽഫ റോമിയോ അവതരിപ്പിക്കുന്നത്.
ഇലക്‌ട്രിക് ശ്രേണി വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് 2025നകം 3,000 കോടി യൂറോ (ഏകദേശം 2.57 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്നും ആൽഫ റോമിയോ വ്യക്തമാക്കിയിട്ടുണ്ട്. 2030വരെ ഓരോവർഷവും ഒന്നുവീതം
പുത്തൻ കാറുകളും 2027 മുതൽ ഇലക്‌ട്രിക് കാറുകൾ മാത്രവും പുറത്തിറക്കാനുള്ള
പദ്ധതിയും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്.
ആധുനിക ടെക്‌നോളജിയായ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിതമായ പുത്തൻ നിക്ഷേപക ട്രെൻഡായ 'നോൺ-ഫംജിബിൾ ടോക്കണുമായി" (എൻ.എഫ്.ടി) എത്തുന്ന ലോകത്തെ ആദ്യ കാറാണ് ആൽഫ റോമിയോ ടൊണാലെ.
ടൊണാലെയുടെ നിർമ്മാണാരംഭം മുതൽക്കുള്ള വിവരങ്ങൾ, ചിത്രങ്ങൾ, മറ്റ് ഡോക്യുമെന്റുകൾ തുടങ്ങിയവയുടെ എക്‌സ്‌ക്ളുസീവ് ഡിജിറ്റൽ കണ്ടന്റുകളാണ് കാറിനൊപ്പം ഉപഭോക്താവിന്റ മാത്രം സ്വന്തമാകുന്നത്. സൗജന്യമായാണ് ഇത് ഉപഭോക്താവിന് ലഭിക്കുന്നത്.
ഈ ഡോക്യുമെന്റുകൾക്കുമേൽ മറ്റാർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. ബ്ളോക്ക്ചെയിൻ അധിഷ്‌ഠിത ക്രിപ്‌റ്റോകറൻസികൾ പോലെ തന്നെ ആഗോളതലത്തിൽ വൻ നിക്ഷേപകപ്രിയം നേടുന്ന പുത്തൻ നിക്ഷേപമാർഗമാണ് എൻ.എഫ്.ടികൾ.