
ശോഭാ സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
നാളെ സംസ്ഥാന നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം തുടങ്ങുകയാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും തുടക്കം. എന്റെ സർക്കാർ എന്നാണ് ഗവർണർ സംസ്ഥാന സർക്കാരിനെ വിശേഷിപ്പിക്കുക. പാർലമെന്റിൽ രാഷ്ട്രപതി സംസാരിക്കുമ്പോൾ കേന്ദ്ര സർക്കാരിനെ വിശേഷിപ്പിക്കുന്നതും അങ്ങനെ തന്നെ. രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെയും, ഗവർണർ സംസ്ഥാന സർക്കാരിന്റെയും ഭരണഘടനാപരമായ തലവനാണ് എന്നതാണ് കാരണം.
അടുത്ത മൂന്നു ദിവസം ഗവർണറുടെ പ്രസംഗം സഭ ചർച്ച ചെയ്യും. ഭരണപക്ഷത്തെ ഒരാളും ഗവർണറുടെ പ്രസംഗത്തെ തള്ളിപ്പറയില്ല. അങ്ങനെ പറഞ്ഞാൽപ്പിന്നെ സർക്കാരിനു നിലനില്പുണ്ടാകില്ല. ഇതേ ഭരണത്തലവനെ നിരന്തരം ആക്ഷേപിക്കുവാൻ സഭയ്ക്കു പുറത്ത് മത്സരിക്കുകയാണ് ഭരണപക്ഷം. ഉത്തർപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ തലയെടുപ്പോടെ തുടങ്ങി, ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയ, ഇന്ത്യയിലെ ഒന്നാംനിര നേതാക്കളുടെ മുൻനിരയിലാണ് അദ്ദേഹം. മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള ഭേദഗതികൾ കൊണ്ടുവരാൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ നീക്കങ്ങളോട് യോജിക്കാനാകാതെയാണ് അദ്ദേഹം പാർട്ടി വിട്ടത്. അതിനു ശേഷവും അദ്ദേഹം പലവട്ടം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, പലവട്ടം കേന്ദ്ര മന്ത്രിയായി. എന്നാൽ അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകൾക്ക് ഒരുകാലത്തും അദ്ദേഹം നിന്നില്ല.
നരേന്ദ്ര മോദി സർക്കാർ മുത്തലാഖ് നിരോധന നിയമം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ മുതൽ അതിനെതിരെ കോൺഗ്രസും സി.പി.എമ്മും പ്രചാരണം നടത്തിയത് രാജ്യം കണ്ടതാണ്. എന്നാൽ, എന്തുകൊണ്ട് മുത്തലാഖ് നിരോധിക്കപ്പെടണമെന്ന് വസ്തുതാപരമായി വിശദീകരിക്കാൻ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗങ്ങളും കേന്ദ്ര സർക്കാരിന് ആ വിഷയത്തിൽ രാഷ്ട്രീയമായും ധാർമികമായും വലിയ കരുത്താവുകയും ചെയ്തു.
ഹിജാബ് വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഹിജാബ് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന വാദം ശരിയല്ലെന്നും ഖുർആനിൽ അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇസ്ലാമിക പണ്ഡിതരെ ഇപ്പോഴത്തെ ചർച്ചകളിലേക്ക് കൊണ്ടുവരാൻ കൂടിയാകണം അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിച്ചു ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നാണ് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ നിലപാട്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശക്കത്തിനെക്കുറിച്ച് ഗവർണർക്ക് പുറത്തു പറയേണ്ടി വരികയായിരുന്നു. സർവകലാശാലകളിലെ ഉന്നത തസ്തികകളിൽ സി.പി.എമ്മിനു താത്പര്യമുള്ളവരെ മാത്രം നിയമിക്കുന്നതിനെതിരെ ഗവർണർ ഉയർത്തിയത് ശക്തമായ പ്രതിരോധമാണ്. അതിന്റെ പേരിൽ കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ കടന്നാക്രമിച്ചത് കുറച്ചൊന്നുമല്ല.
ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ പ്രകടിപ്പിച്ച എതിർപ്പ് വെറും 'ഉടക്കിടൽ' ആയി വ്യാഖ്യാനിക്കാൻ തുടക്കത്തിൽ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ മെറിറ്റിലേക്കു ചർച്ച പോയതോടെ മുഖ്യമന്ത്രിക്കു തന്നെ നേരിട്ട് ഗവർണറെക്കണ്ട് അഭ്യർത്ഥിക്കേണ്ടി വന്നു. ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹത്തിന് ഓർഡിനൻസ് എക്കാലവും ഒപ്പുവയ്ക്കാതിരിക്കാൻ സാങ്കേതികമായി സാധിക്കില്ല. പക്ഷേ, മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ എതിരെ ലോകായുക്ത എതിർവിധി പുറപ്പെടുവിച്ചാലും അവർ രാജിവയ്‌ക്കേണ്ടതില്ല എന്ന ഭേദഗതി ഒരു ജനാധിപത്യ സർക്കാരിന്റെയും അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും വിശ്വാസ്യതയ്ക്ക് മങ്ങലേല്പിക്കും.
തീയിൽ കുരുത്തത് വെയിലിൽ വാടില്ല എന്നാണ് കേരളത്തിലെ ആരിഫ് മുഹമ്മദ് ഖാൻ വിരുദ്ധർ മനസ്സിലാക്കേണ്ടത്. കരളുറപ്പോടെ കൂടെ നിന്ന്, അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഐക്യദാർഢ്യത്തിന്റെ നെടുങ്കോട്ട കെട്ടി സംരക്ഷിക്കുന്നവരുണ്ട്, കേരളത്തിൽ. അങ്ങനെ കൂടിയാണ് കേരളം മാതൃകയാകേണ്ടത്.