
തിരുവനന്തപുരം: രാജ്ഭവനെ ആർ.എസ്.എസ് കാര്യാലയമാക്കി മാറ്റിയ ഗവർണറുടെ ഇടപാടുകൾക്ക് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയത് മതേതര കേരളത്തോടു കാട്ടിയ കൊടുംവഞ്ചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ആർ.എസ്.എസ് നേതാവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടതാണ്. ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും ഗവർണർക്ക് ഇങ്ങനെ കത്തെഴുതില്ല. മുഖ്യമന്ത്രിക്കുവേണ്ടി എഴുതിയ കത്താണിത്. ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത മുഖ്യമന്ത്രി സ്വന്തം മുഖത്താണ് കാർക്കിച്ചു തുപ്പിയത്. ഗവർണറുടെ മുഖം രക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുഖം തീർത്തും വികൃതമായി.
ബി.ജെ.പിയുടെ പൂർണ പിന്തുണയോടെയാണ് ഇടതു സർക്കാർ മുന്നോട്ട് പോകുന്നത്. വി.സി നിയമനം, ലോകായുക്ത ഓർഡിനൻസ് തുടങ്ങി എല്ലാ വിഷയത്തിലും സി.പി.എം - ബി.ജെ.പി ധാരണയാണ് കാണുന്നത്.
ഭരണഘടനാ പദവികൾ വച്ചാണ് ഗവർണർ വിലപേശൽ നടത്തുന്നത്. ഗവർണറുടെ സ്ഥാനം എത്രമാത്രം അധഃപതിപ്പിക്കാമെന്ന് ഈ ഗവർണറെ കണ്ടുപഠിക്കണം. ആർ.എസ്.എസ് നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് ഗവർണറുടെ ശ്രദ്ധ. അതിനാണ് ഗവർണറുടെ സ്റ്റാഫിൽ ആർ.എസ്.എസുകാരെ കുത്തിനിറക്കുന്നതും അതിന് മുഖ്യമന്ത്രി ഓശാന പാടുന്നതെന്നും സുധാകരൻ പറഞ്ഞു.
ഗവർണറും സർക്കാരും തമ്മിൽ കൊടുക്കൽ വാങ്ങൽ:വി.ഡി. സതീശൻ
സർക്കാരും ഗവർണറും തമ്മിൽ കൊടുക്കൽ വാങ്ങലും ഒത്തുകളിയുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരുണ്ട്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഗവർണറും സർക്കാരും ഇന്നലെ നടത്തിയ നാടകം.ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവർണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണിത്. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവർണർ ചെയ്യുന്നത്.
ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവർണറെ നിയന്ത്രിക്കുന്നത്. കൊടുക്കൽ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞത് കൊണ്ടാണ്, സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയപ്പോൾ, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സർക്കാർ ഫയലിൽ എഴുതിച്ചേർത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയിൽ സർക്കാർ എത്തിച്ചേർന്നിരിക്കുകയാണ്. കണ്ണൂർ വി.സി പുനർ നിയമനവും ലോകായുക്ത ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാതെ ഒപ്പു വച്ചതും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തുകളിയാണ്. നയപ്രഖ്യാപനത്തിന്റെ തലേ ദിവസം അനാവശ്യ നാടകം കളിച്ച് തങ്ങൾ തമ്മിൽ സംഘർഷത്തിലാണെന്ന് വരുത്തിത്തീർത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വച്ച ഗവർണർ തന്നെയാണ് തൊട്ടുപിന്നാലെ സഭ വിളിച്ചു ചേർക്കാൻ ഉത്തരവിട്ടത്. ഇതിലൂടെ ഗവർണറും സർക്കാരും ചേർന്ന് നിയമസഭയെ അവഹേളിക്കുകയാണെന്നും സതീശൻ പറഞ്ഞു.
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: ഉണ്ണിത്താൻ
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ മുമ്പും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാനുള്ള അവകാശം ഗവർണർക്ക് ഇല്ലാത്തതുകൊണ്ട് അതെല്ലാം മുഖ്യമന്ത്രിയും ഗവർണറും സംസാരിച്ച് പരിഹരിക്കുകയാണ് പതിവെന്നും ഉണ്ണിത്താൻ പറഞ്ഞു.