
 ഏഴുമാസത്തെ ഏറ്റവും ഉയരം
കൊച്ചി: രാജ്യത്ത് അവശ്യവസ്‌തുവില കുത്തനെ കൂടുന്നുവെന്ന് വ്യക്തമാക്കി ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 6 ശതമാനം മറികടന്നു. ഏഴുമാസത്തെ ഏറ്റവും ഉയരമായ 6.01 ശതമാനമാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.
റീട്ടെയിൽ നാണയപ്പെരുപ്പം നാലുമുതൽ ആറുശതമാനത്തിന് മദ്ധ്യേ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ആറുശതമാനം മറികടന്നാൽ, നിയന്ത്രണത്തിന്റെ ഭാഗമായി മുഖ്യപലിശനിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. ഡിസംബറിൽ 5.66 ശതമാനമായിരുന്നു ഇത്. അതേസമയം, നടപ്പുവർഷത്തെ അവസാനമാസങ്ങളായ ഫെബ്രുവരിയിലും മാർച്ചിലും നാണയപ്പെരുപ്പം താഴുമെന്ന പ്രതീക്ഷയാണ് റിസർവ് ബാങ്കിനുള്ളത്.
5.43%
ഭക്ഷ്യോത്‌പന്നങ്ങളുടെ വിലസൂചിക ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് 5.43 ശതമാനത്തിലേക്ക് വർദ്ധിച്ചതാണ് കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം കുതിക്കാൻ മുഖ്യകാരണം.
മൊത്തവിലപ്പെരുപ്പം കുറഞ്ഞു
റീട്ടെയിൽ നാണയപ്പെരുപ്പത്തിന് കടകവിരുദ്ധ ട്രെൻഡാണ് മൊത്തവില സൂചിക (ഹോൾസെയിൽ) അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കാഴ്ചവയ്ക്കുന്നത്. ഡിസംബറിലെ 13.56 ശതമാനത്തിൽ നിന്ന് ഇത് ജനുവരിയിൽ 12.96 ശതമാനത്തിലെത്തി.
 തുടർച്ചയായ 10-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്.
 14.87 ശതമാനമായിരുന്നു നവംബറിൽ; 2021 ജനുവരിയിൽ 2.51 ശതമാനം.