iip-growth

 ഐ.ഐ.പി വളർച്ച 10മാസത്തെ താഴ്ചയിൽ

കൊച്ചി: മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ വ്യവസായമേഖല മുക്തമായിട്ടില്ലെന്ന് സൂചിപ്പിച്ച് ഡിസംബറിൽ വ്യാവസായിക ഉത്‌പാദന സൂചികയുടെ (ഐ.ഐ.പി)​ വളർച്ച പത്തുമാസത്തെ താഴ്ചയായ 0.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. 1.3 ശതമാനമായിരുന്നു നവംബറിലെ വളർച്ച.

ഐ.ഐ.പിയുടെ മുക്കാൽപങ്കും വഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച നെഗറ്റീവ് 0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതാണ് ഡിസംബറിലെ പ്രധാന തിരിച്ചടി. 2021 ഫെബ്രുവരിക്കുശേഷം നെഗറ്റീവ് വളർച്ച ആദ്യമാണ്. കഴിഞ്ഞ നവംബറിൽ വളർച്ച 0.8 ശതമാനമായിരുന്നു. കാപ്പിറ്റൽ ഗുഡ്‌സ്,​ കൺസ്യൂമർ ഡ്യൂറബിൾസ്,​ കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് വിഭാഗങ്ങളും തളർന്നത് ഡിസംബറിൽ തിരിച്ചടിയായി.

മുഖ്യവ്യവസായത്തിൽ

വളർച്ച 3.8 ശതമാനം

ഐ.ഐ.പിയിൽ 40.27 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖല ഡിസംബറിൽ 3.8 ശതമാനം വളർന്നു. 2020 ഡിസംബറിൽ വളർച്ച നെഗറ്റീവ് 0.4 ശതമാനമായിരുന്നു. 3.4 ശതമാനമാണ് കഴിഞ്ഞ നവംബറിലെ വളർച്ച.

ക്രൂഡോയിൽ,​ കൽക്കരി,​ വളം,​ വൈദ്യുതി,​ സിമന്റ്,​ പ്രകൃതിവാതകം,​ റിഫൈനറി ഉത്‌പന്നങ്ങൾ,​ സ്‌റ്റീൽ എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇവയിൽ ക്രൂഡോയിലും സ്‌റ്റീലും ഒഴികെയുള്ളവ ഡിസംബറിൽ പോസിറ്റീവ് വളർച്ച നേടി.