
കൊച്ചി: മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ പുതുമോടിയിൽ വീണ്ടും വിപണിയിലെത്തുകയാണ്. ബുക്കിംഗിന് തുടക്കമായിട്ടുണ്ട്. ഓൺലൈനിലും നെക്‌സ ഷോറൂമുകളിലും ബുക്ക് ചെയ്യാം. ബുക്കിംഗ് ടോക്കൺ നിരക്ക് 11,000 രൂപ. ഈയാഴ്‌ച ലോഞ്ചിംഗുണ്ടാകും.
അകത്തളത്തിലും പുറംമോടിയിലും നിരവധി മാറ്റങ്ങളുണ്ടെന്നു മാത്രമല്ല, ഒട്ടേറെ ആകർഷക ഫീച്ചറുകളാൽ സമ്പന്നവുമാണ് പുത്തൻ ബലേനോ ഫേസ്‌ലിഫ്‌റ്റ്. ആംഗലർ ഹണികോംമ്പ് പാറ്റേണിൽ വലിയ ഗ്രില്ലാണ് മുന്നിൽ കാണാനാവുക. അതിനൊപ്പം വെള്ളിയുടെ അതിർവരമ്പുമുണ്ടാകും. പുതിയ പ്രൊജക്‌ടർ ഹെഡ്‌ലാമ്പും എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റും (ഡി.ആർ.എൽ).
വിശാലമായ ബോണറ്റും പുതിയ ബമ്പറും വലിയ ഫോഗ്‌ലാമ്പും. പിന്നിൽ പുതിയ ടെയ്ൽഗേറ്റ് രൂപകല്‌പനയാണുള്ളത്. സി-ഷേപ്പുള്ള എൽ.ഇ.ഡി ടെയ്‌ൽലൈറ്റ്. പിന്നിലെ ബമ്പറും പരിഷ്കരിച്ചിരിക്കുന്നു.
4 പതിപ്പുകൾ
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ പതിപ്പുകളിലാണ് പുത്തൻ ബലേനോ വരുന്നത്. ബേസ് മോഡലിനൊഴികെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് ഓപ്‌ഷനുണ്ട്. പേൾ ആർക്‌ടിക് വൈറ്റ്, സ്‌പ്ളെൻഡിഡ് സിൽവർ, ഗ്രാൻഡ്യൂർ ഗ്രേ, സെലസ്‌റ്റിയൽ ബ്ളൂ, ഒപുലെന്റ് റെഡ്, ലക്‌സ് ബീജ് എന്നീ ആറ് ആകർഷക നിറഭേദങ്ങളിൽ പുതിയ ബലേനോ ലഭിക്കും.
ശ്രേണിയിൽ ആദ്യം
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമെന്ന പെരുമയോടെ ഒട്ടേറെ ഫീച്ചറുകളുമായാണ് പുതിയ മാരുതി ബലേനോയുടെ വരവ്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ളേ അഥവാ എച്ച്.യു.ഡിയാണ് അതിലൊന്ന്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേയോട് കൂടിയ 9-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, നാവിഗേഷൻ, അലക്‌സ വോയിസ് കമാൻഡ്, വയർലെസ് ഫോൺ ചാർജിംഗ്, ആർകമീസ് സൗണ്ട് സിസ്‌റ്റം എന്നിവയും സവിശേഷതകളാണ്.
സുരക്ഷയ്ക്ക് സല്യൂട്ട്
ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഐസോഫിക്‌സ് ചൈൽഡ് സീറ്റ് എന്നിങ്ങനെ ഉന്നത സുരക്ഷാഫീച്ചറുകൾ പുതിയ ബലേനോയുടെ തുറുപ്പുചീട്ടുകളാണ്.
ശ്രേണിയിൽ ആദ്യമായി 360 ഡിഗ്രി കാമറയും മികവാണ്. കൂടുതൽ നിലവാരമുള്ള സ്‌റ്റീലിലാണ് ഷാസി ഒരുക്കിയിട്ടുള്ളതെന്നതും ശ്രദ്ധേയം.
ഹൃദയം
1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനാണ് ഹൃദയം. ഐഡിൽ എൻജിൻ സ്‌റ്റാർട്ട്/സ്‌റ്റോപ്പ് സംവിധാനം ഇതിനൊപ്പമുണ്ട്. ഇത് ഇന്ധനോപയോഗം കുറയ്ക്കും. 89 എച്ച്.പി കരുത്തുണ്ട്. ടോർക്ക് 113 എൻ.എം. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എ.എം.ടി ഓപ്‌ഷനുകളാണുള്ളത്.
22.94 km/l
മാനുവൽ പതിപ്പ് ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജാണ് സർട്ടിഫൈ ചെയ്യുന്നത്. എ.എം.ടി 22.94 കിലോമീറ്ററും.
₹6.5 ലക്ഷം
വില മാരുതി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 6.5 ലക്ഷം മുതൽ 10.5 ലക്ഷം രൂപവരെ പ്രവചിക്കപ്പെടുന്നുണ്ട്. ഹ്യുണ്ടായ് ഐ20, ടാറ്റ അൽട്രോസ്, ഹോണ്ട ജാസ് എന്നിവയാണ് വിപണിയിലെ എതിരാളികൾ.