
കൊച്ചി: ഇന്ത്യൻ ഇടത്തരം കുടുംബങ്ങളുടെ വികാരമായിരുന്ന ബജാജിന്റെ ചേതക് സ്കൂട്ടർ വിപണിയിൽ നിന്ന് ഒരിടയ്ക്ക് നീണ്ട ഇടവേളയെടുത്തിരുന്നു. മോട്ടോർസൈക്കിളുകളുടെയും ആഗോള ബ്രാൻഡുകളുടെയും കടന്നുവരവ് ചേതക്കിന് വെല്ലുവിളിയാവുകയായിരുന്നു.
എന്നാൽ, 2019 ഒക്‌ടോബറിൽ ഇലക്‌ട്രിക് പെരുമയോടെ ചേതക്കിനെ വീണ്ടും ബജാജ് വിപണിയിൽ എത്തിച്ചപ്പോൾ കാത്തിരുന്നത് വൻ സ്വീകാര്യതയാണ്.
ഡിമാൻഡ് കൂടിയതോടെ 12 പുതിയ നഗരങ്ങളിലേക്ക് കൂടി സാന്നിദ്ധ്യമറിയിക്കാനാനുള്ള ഒരുക്കത്തിലാണ് ഇലക്‌ട്രിക് ചേതക്. 2021ൽ എട്ടു നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചേതക്കിന്റെ ബുക്കിംഗ് ബജാജ് സ്വീകരിച്ചിരുന്നത്.
കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, മധുര, വിശാഖപട്ടണം, ഹൂബ്ളി, നാസിക്, വാസായ്, സൂറത്ത്, ഡൽഹി, മുംബയ്, മാപൂസ നഗരങ്ങളിലേക്കാണ് ചേതക് പുതുചുവടുവയ്ക്കുന്നത്.