
'മൂർത്തി പിളർപ്പാൻ ഞാനൊരുവൻ മതി, മറുപക്ഷത്ത് വരുന്ന ജനങ്ങളെ, അറുതിപ്പെടുപ്പാനെന്തിഹ ദണ്ഡം? " എന്ന് കുഞ്ചൻ നമ്പ്യാർ തുള്ളൽപാട്ടിൽ പറഞ്ഞത്, നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാഹിബ് മുഖ്യമന്ത്രി പിണറായി സഖാവിന്റെ മുഖത്ത് നോക്കി പറഞ്ഞെന്നാണ് പലരും പറയുന്നത്.
മുഖ്യമന്ത്രി അതുകേട്ട് തലകുലുക്കി തിരിച്ചുവന്നെന്നും അതല്ല മറ്റെന്തോ തിരിച്ചുപറഞ്ഞെന്നും കിംവദന്തികൾ പരക്കുന്നു. അന്നവിടെ എന്താണ് സംഭവിച്ചതെന്ന് രാജ്ഭവനിൽ അടച്ചിട്ട മുറിയിലിരുന്ന് ചായകുടിച്ച് പിരിഞ്ഞ രണ്ടുകൂട്ടർക്ക് മാത്രമേ അറിയൂ എന്നിരിക്കെ, കേൾക്കുന്ന പലതും ഊഹാപോഹമായി കണക്കുകൂട്ടേണ്ടി വരും.
ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി ദ്റോണർ നല്ലത് പലതും കേട്ടിരിക്കുന്നു. പിണറായി സഖാവിനെപ്പറ്റിയും അങ്ങനെ തന്നെ. പോസിറ്റീവായി മാത്രം ചിന്തിക്കുന്നത് കൊണ്ട്, ദ്റോണർ ഈ കേട്ടിരിക്കുന്നതൊന്നും ഊഹാപോഹങ്ങളാകാൻ വഴിയില്ലെന്ന് കരുതുകയാണ്. അത്രയ്ക്ക് ഉത്തമബോദ്ധ്യമുള്ള കൂട്ടരിൽ നിന്നാണ് അതെല്ലാം കേട്ടിട്ടുള്ളത് എന്നതും ഒരു കാരണമാണ്.
വെട്ടൊന്ന് തുണ്ടം രണ്ട് എന്നതാണ് ആരിഫ് സാഹിബിന്റെ ശീലം. നേരേ വാ, നേരേ പോ എന്നുമുണ്ട്. നല്ല ഒന്നാന്തരം കൃഷിക്കാരനാണ്. ഉത്തരപ്രദേശത്തെ ബുലന്ദ്ശഹർ പട്ടണത്തിൽ ജനിച്ചുവളർന്നയാളാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവർക്ക് വളരെ വേണ്ടപ്പെട്ട സ്ഥലമായിരുന്നു ബുലന്ദ്ശഹറെന്നാണ് പറയുന്നത്. ഖാൻ സാഹിബിന് അറിയാത്ത വിദ്യകളില്ല. സംസ്കൃതം, വേദാന്തം, രാഷ്ട്രമീമാംസ എന്നിത്യാദി ശാഖകളിലെല്ലാം അതിനിപുണൻ. പതിനെട്ട് കളരിക്കും ആശാൻ. ഇങ്ങ് തിരുവനന്തപുരത്ത് ഗവർണർ പദവിയുമായി വന്നേപ്പിന്നെ, രാജ്ഭവനിലാണെങ്കിൽ ചീര,വെണ്ട, വഴുതനങ്ങ, പശു, കോഴി, ആട് എന്നിത്യാദി കൃഷികളെല്ലാം നടത്തി മാതൃകാ കർഷകനുള്ള പുരസ്കാരം നേടാൻ പ്രാപ്തിനേടിയിരിക്കുന്നു.
കൃഷിയാണിപ്പോൾ മുഖ്യം. മുഖ്യമന്ത്രി പിണറായി സഖാവിനെയും ചില തുണ്ടുകൃഷികൾ പരിശീലിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചെന്നും അത് സഖാവിലെന്തോ വിപ്രതിപത്തിയുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസത്തെ ചില പുകിലുകൾക്ക് കാരണം ഇതാണെന്നുമൊക്കെയാണ് തലസ്ഥാനത്ത് പ്രചരിച്ച അഭ്യൂഹങ്ങളിൽ ചിലത്. സർവതിനും കായകല്പ ചികിത്സയും സിദ്ധൗഷധവും വിധിക്കാൻ ഗവർണർ സാഹിബിനെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന പല വേദാന്തികളും പറഞ്ഞ് ദ്റോണരും മനസിലാക്കിയിട്ടുണ്ട്. പിണറായി സഖാവ് തുണ്ടുകൃഷി പരിശീലിക്കാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന് കായകല്പ ചികിത്സ വിധിക്കും. ചികിത്സാരീതി കഠിനമാണ്. പിണറായി സഖാവ് ഈയിടെയായി ഇടയ്ക്കിടെ ഇത്തരത്തിൽ ഖാൻസാഹിബിന്റെ ചികിത്സയ്ക്ക് വിധേയനാകേണ്ടി വരുന്നു. പിണറായി സഖാവും ആള് മഹാവൈദ്യനായതിനാൽ തിരിച്ചും ഒറ്റമൂലികൾ പരീക്ഷിക്കാറുണ്ട്. നമ്മുടെ വടശ്ശേരിഗാന്ധി സതീശൻജിയും പ്രതിപക്ഷവും ഇതൊക്കെ കണ്ടിട്ടാണോ കൊടുക്കൽ-വാങ്ങൽ എന്ന് പറയുന്നത് എന്നറിയില്ല.
ഒരു കാര്യം പ്രത്യേകം എടുത്തുപറയണം. ഗവർണർ എന്ന വാക്കിൽ ഗർവിലെ 'ഗ", 'ർ", 'വ" എന്നീ അക്ഷരങ്ങൾ ഉണ്ടായിട്ടും ഒരു തരത്തിലുള്ള ഗർവോ മുഷ്കോ കാണിക്കാത്തയാളാണ് ആരിഫ് ഖാൻ സാഹിബ് എന്ന്.
വർഷാവർഷം നിയമസഭാ സമ്മേളനം ചേരുമ്പോൾ ആദ്യം ഗവർണർസാഹിബ് നടത്തേണ്ട ഒരു ചടങ്ങുണ്ട്. സർക്കാരിന്റെ നയങ്ങളും നേട്ടങ്ങളും നിയമസഭയിൽ ചെന്നുനിന്ന് കാല് കഴയ്ക്കുവോളം വായിച്ചുതീർക്കുക എന്നതാണത്. പൊലീസുകാർക്കും പട്ടാളക്കാർക്കും വെയിലത്തുള്ള ഓട്ടവും മറ്റും ശിക്ഷ വിധിക്കാറുള്ളത് പോലുള്ള ഒരേർപ്പാടാണിതെന്ന് ചിന്തിക്കുന്ന ഗവർണർമാരുമുണ്ട്. ഖാൻ സാഹിബ് അങ്ങനെ ചിന്തിക്കാറില്ല. അദ്ദേഹത്തിന് നിയമസഭയിൽ പോയിനിന്ന് ഒന്നും ഒന്നരയും മണിക്കൂർ നിവർന്ന് നിന്ന് പിണറായി സഖാവിന്റെ ഭരണനേട്ടങ്ങളെ വായിച്ച് പുകഴ്ത്താൻ യാതൊരു സങ്കോചവുമില്ല. മാത്രമല്ല, ഇഷ്ടവുമാണ്. എന്നുവച്ച് എപ്പോഴും പിണറായി സഖാവ് വന്ന് പറഞ്ഞാലുടൻ പോയി വായിക്കുന്ന ഏർപ്പാട് പറ്റില്ലല്ലോ. കുറച്ചൊരു ഡിമാൻഡൊക്കെ വേണ്ടേ. ഇല്ലെങ്കിൽ പിണറായി സഖാവെന്നല്ല, ആരും വന്നങ്ങ് മുതലെടുക്കും. അങ്ങനെയാണ് ഖാൻ സാഹിബ് കഴിഞ്ഞദിവസം പിണറായി സഖാവിൽ പുതിയൊരു കാർഷികപരീക്ഷണം നടത്തിയത്.
പരീക്ഷണത്തിന് വഴങ്ങാതിരുന്നപ്പോൾ, നിയമസഭയിൽ വായിക്കേണ്ട പ്രസംഗത്തിൽ ഒരു തരത്തിലും ഒപ്പിടാൻ സാദ്ധ്യമല്ലെന്ന് ഖാൻ സാഹിബ് കട്ടായം പറഞ്ഞതാണ് പിണറായി സഖാവിനെ ദേഹമാസകലം വിറപ്പിച്ചുകളഞ്ഞത്. സാധാരണ എന്തെങ്കിലും കണ്ടാൽ ഭയപ്പെടുന്ന ആളല്ല പിണറായി സഖാവ് എങ്കിലും ഖാൻസാഹിബിന്റെ ഈ പരിപാടി അദ്ദേഹത്തെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. കുമ്പക്കുടിസുധാകര ഗാന്ധിയുടെ മുമ്പാകെ പണ്ട് ബ്രണ്ണൻകോളേജിൽ കാണിച്ച പ്രത്യേക ഏക്ഷൻ ഖാൻ സാഹിബിന് മുന്നിൽ അദ്ദേഹം കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല.
ഖാൻ സാഹിബ് നിർദ്ദേശിച്ച കൃഷി അപ്പടി സഖാവ് ചെയ്യേണ്ടിവന്നു. രാജ്ഭവനിൽ നിന്നുള്ള പല ഫയലുകളും പെട്ടെന്ന് പൊങ്ങിവന്നുവെന്നാണ് പറയുന്നത്. ഖാൻ സാഹിബിന് വേണ്ടപ്പെട്ട പലരെയും രാജ്ഭവനിൽ കുടിയിരുത്താനുള്ള ഫയലുകൾ ഇനിയും പൊങ്ങാനുണ്ടെന്നും പറയുന്നു. പൊതുഭരണവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഖാൻ സാഹിബിന്റെ ഒരു ശുപാർശയിന്മേൽ കുറിവരച്ചത് ഖാൻ സാഹിബിന് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടെന്തുണ്ടായി എന്നല്ലേ. ജ്യോതിലാലിനെ തത്കാലം ഇരുന്ന കസേരയിൽ നിന്ന് ചുമന്നുമാറ്റാൻ പിണറായിസഖാവ് നിർബന്ധിതനായി. ഇല്ലെങ്കിൽ ഖാൻസാഹിബ് പിറ്റേന്ന് വായിക്കേണ്ട പ്രസംഗത്തിൽ ഒപ്പിടില്ല. പിണറായി സഖാവ് വെട്ടിലുമാകും. അന്തംവിട്ട പ്രതി എന്തും ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്.
പിണറായി സഖാവിനെ ഇടയ്ക്കിടയ്ക്ക് വിരട്ടുന്ന ശീലം ഖാൻ സാഹിബ് രാജ്ഭവനിലേക്ക് വന്നപ്പോൾ മുതലേ തുടങ്ങിയിരുന്നു. നിയമസഭ വിളിക്കാൻ പിണറായി സഖാവും കാബിനറ്റും ശുപാർശ ചെയ്തപ്പോൾ എന്തിനിത്ര ധൃതിയെന്ന് പറഞ്ഞ് തിരിച്ചുവിട്ടയാളാണ് ഖാൻസാഹിബ്. ഡൽഹിയിൽ കർഷകർ സമരം തുടങ്ങിയ കാലമായിരുന്നു. ആ സമരത്തിന് കേരളത്തിലെന്ത് കാര്യമെന്നാണ് അന്ന് ഖാൻസാഹിബ് ചോദിച്ചത്. അങ്ങനെ പലതുമുണ്ട്. ഇനിയും പലതും വരാനിരിക്കുന്നു. മൂർത്തി പിളർപ്പാൻ ഞാനൊരുവൻ മതിയെന്ന് പിണറായി സഖാവിനോട് പറയാൻ മാത്രം ധൈര്യപ്പെട്ട ഖാൻസാഹിബിന്റെ ഉശിര് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഈശ്വരോ രക്ഷതു!
(ഇ-മെയിൽ: dronar.keralakaumudi@gmail.com)