
1957ൽ സ്ഥാപിതമായ കെ.എസ്.ഇ.ബി. 2014ൽ കമ്പനിയായി. ഒരുകാലത്ത് മിച്ച വൈദ്യുതി മറ്റ് സംസ്ഥാനങ്ങൾക്ക് വില്പന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 70ശതമാനവും പുറമേനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ലാഭത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ ഒന്നരദശാബ്ദമായി നഷ്ടത്തിലാണ്. നിലവിൽ സഞ്ചിതനഷ്ടം 8919കോടി രൂപ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നഷ്ടം 5179 കോടി രൂപ കൂടുമെന്നാണ് ആശങ്ക. 33000ജീവനക്കാർ,1.31കോടി ഉപഭോക്താക്കൾ. വിതരണത്തിന് വേണ്ടത് 4300 മെഗാവാട്ട് വൈദ്യുതി. ഉത്പാദിപ്പിക്കുന്നത് 2240.22മെഗാവാട്ട് മാത്രം. ബാക്കി വൻവിലകൊടുത്ത് വാങ്ങുന്നു. ഇതിൽനിന്ന് കരകയറാനുള്ള ശ്രമമാണ് ഇൗ വർഷം തുടങ്ങുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത് 28419.69 കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ്. 75 വർഷത്തിനകത്തെ ഏറ്റവും വലിയ മൂലധനനിക്ഷേപമാണിത്. സ്വയംപര്യാപ്തതയും മികച്ച സേവനവുമാണ് ലക്ഷ്യം. മറുവശത്ത് വൈദ്യുതിമേഖലയെ സ്വകാര്യവത്കരിക്കാനും മൂലധന ശക്തികളുടെ ലാഭതാത്പര്യങ്ങൾക്ക് അടിയറവയ്ക്കാനുമുള്ള വലിയ ശ്രമങ്ങൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകുന്നുണ്ട്. വൈദ്യുതി നിയമഭേദഗതി താത്കാലികമായി മാറ്റിവച്ചെങ്കിലും വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള ഇടപെടലുകൾ ശക്തമാണ്. ഇതിനെതിരായി കേരളം മുന്നോട്ടുവച്ച ബദൽ വികസനനയം രാജ്യത്തിന് മാതൃകയാണ്. വൈദ്യുതിമേഖലയെ പൊതുമേഖലയിൽ ഒറ്റസ്ഥാപനമായി കാര്യക്ഷമതയോടെ നിലനിറുത്തുമെന്ന സംസ്ഥാന സർക്കാർ നയമാണ് അതിന്റെ സവിശേഷത. ഇൗ സാഹചര്യത്തിൽ ജനങ്ങളും ജീവനക്കാരും മാനേജ്മെന്റും ഒരുമിച്ച് പ്രവർത്തിക്കണം.
നടപടികൾ ഏകപക്ഷീയമാകരുത്
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ, ഒാഫീസേഴ്സ് അസോസിയേഷൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ, കേരള ഇലക്ട്രിസിറ്റി ഒാഫീസേഴ്സ് ഫെഡറേഷൻ സംയുക്തസമരസമിതി (കൺവീനർ )എസ് ഹരിലാൽ, (ചെയർമാൻ )എം.പി.ഗോപകുമാർ.
ബോർഡ് മാനേജ്മെന്റും തൊഴിലാളി.- ഓഫീസർ സംഘടനകളും മുഴുവൻ ജീവനക്കാരും ഒരേമനസോടെ മുന്നോട്ടുപോകുന്നു എന്നതാണ് കെ.എസ്.ഇ.ബി കാര്യക്ഷമമായ പ്രവർത്തനത്തിന് ആധാരം. ബോർഡിനെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തൊഴിലാളി ഓഫീസർ സംഘടനകളുടേത് ഫലപ്രദമായ ഇടപെടലുകളാണ്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന സന്ദർഭങ്ങളിലെല്ലാം സംഘടനകളുടെ അഭിപ്രായം തേടാനും അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനും മാനേജ്മെന്റും ശ്രദ്ധിച്ചുപോന്നിരുന്നു. എന്നാൽ ഈയിടെ അക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടുള്ളതായി കാണുന്നു. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളെയും തൊഴിലവകാശങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിൽപ്പോലും തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു പോകുന്ന സമീപനമുണ്ട്. ബോർഡിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന തീരുമാനങ്ങളുമുണ്ട്. ഇത് തിരുത്തപ്പെടേണ്ടതാണ്.
സുതാര്യമാക്കിയാൽ പിന്തുണ
സിബിക്കുട്ടി ഫ്രാൻസിസ് ,
പ്രസിഡന്റ്, ഇലക്ട്രിസിറ്റി
കോൺഫെഡറേഷൻ
വൈദ്യുതി ബോർഡിൽ കുറേക്കാലമായി എല്ലാം ഏകപക്ഷീയമാണ്. പ്രതിപക്ഷ സ്ഥലം മാറ്റത്തിലും പ്രൊട്ടക്ഷനിലുമെല്ലാം സംഘടനാപ്രവർത്തകർക്ക് നീതികിട്ടുന്നില്ല. ആ സ്ഥിതി മാറണം.സ്ഥാപനത്തിന്റെ പുരോഗതിക്കുള്ള നടപടികളിൽ രാഷ്ട്രീയനിറം നോക്കാതെ എല്ലാവരേയും വിശ്വാസത്തിലെടുക്കണം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കടിഞ്ഞാണിടണം. വൈദ്യുതി ജീവനക്കാരന്റെ അന്തസ് നിലനിറുത്താനുള്ള നടപടികളെടുത്താൽ പൂർണപിന്തുണ നൽകും. അനാവശ്യസമരങ്ങളോട് യോജിപ്പില്ല.
സുതാര്യമായ എച്ച്.ആർ.എം പോളിസി രൂപീകരിക്കണം
യു.വി.സുരേഷ്,ജനറൽ സെക്രട്ടറി
കെ.എസ്.ഇ.ബി.
ഒാഫീസേഴ്സ് സംഘ്,
കെ.എസ്.ഇ.ബിയിലെ ജീവനക്കാർക്ക് ആത്മവീര്യവും ആത്മാഭിമാനവും ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന സുതാര്യമായ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പോളിസിയും സമീപനവും വേണം. ഉപഭോക്താക്കൾക്ക് മനസിലാകുന്ന തരത്തിൽ നടപടികൾ ലളിതമാക്കണം. അനാവശ്യചെലവുകൾ കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കാനും നടപടിയുണ്ടാകണം.
ആപത്കാലത്ത് യോജിച്ച് നിൽക്കണം : മന്ത്രി കൃഷ്ണൻകുട്ടി
സർക്കാർ അനുഭാവികൾതന്നെ കെ.എസ്.ഇ.ബി.യിൽ സമരത്തിനിറങ്ങിയത് വിഷമമുണ്ടാക്കിയതായി വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഏതായാലും പരിണിതപ്രജ്ഞരായ നേതാക്കളെല്ലാം ഇടപെട്ട് പരിഹാരത്തിനും വഴിയൊരുക്കി. അത് അനിവാര്യവുമായിരുന്നു. മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ:
?വൈദ്യുതിഭവനിലെ സമരത്തെക്കുറിച്ച്
സമരം അനവസരത്തിലായിപ്പോയി. അതിലെ ശരിതെറ്റുകളെക്കുറിച്ച് പറയുന്നില്ല. ഏതായാലും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഫലം കണ്ടു.
?സമരനാളുകളിൽ ഉന്നയിച്ച ആരോപണങ്ങൾ
അതെല്ലാം നടപടികൾ അനുസരിച്ച് തന്നെ കൈകാര്യം ചെയ്യും. വസ്തുതകൾ പരിശോധിക്കും,റിപ്പോർട്ട് തേടിയിട്ടുണ്ട്. ബാക്കി പിന്നീട് തീരുമാനിക്കും.
?ചെയർമാന്റെ നടപടികളിൽ തൃപ്തനാണോ
ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോകിന്റെ ശ്രമങ്ങളെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്. അദ്ദേഹം ചുമതലയേറ്റെടുത്തപ്പോൾ മന്ത്രിയെന്ന നിലയിൽ ഒരു കാര്യമാണ് ഞാൻ ആവശ്യപ്പെട്ടത്. കെ.എസ്.ഇ.ബി.യിലെ പ്രവർത്തനസംവിധാനം സർക്കാരിനും ജനങ്ങൾക്കും ഗുണകരമായ രീതിയിൽ പുനഃക്രമീകരിക്കണമെന്നതാണത്. അദ്ദേഹത്തിനു ശേഷം വരുന്ന ഏത് ചെയർമാനും മന്ത്രിക്കും അവർ ആരായാലും ഒരു പ്രതിസന്ധിയുമില്ലാതെ കാര്യങ്ങൾ നടത്തികൊണ്ടുപോകാനുള്ള സാഹചര്യം കെ.എസ്.ഇ.ബി യിലുണ്ടാകണം. ജീവനക്കാർക്ക് പക്ഷപാതരഹിതമായി ആനുകൂല്യങ്ങൾ ലഭിക്കണം. അവിടെ രാഷ്ട്രീയ,സംഘടനാ ഭേദങ്ങൾ ഉണ്ടാകരുത്. ഒരു സംഘടനയിലും അംഗമല്ലാത്ത ജീവനക്കാരനും പരാതിയുണ്ടാകരുത്. ഇതെല്ലാമാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇടം നൽകിയതായി തോന്നിയിട്ടില്ല. ഒരു രാഷ്ട്രീയവുമില്ല,സ്ഥാപിത താത്പര്യവുമില്ല.
?പക്ഷെ അദ്ദേഹം ചുമതലയേറ്റതു മുതൽ പ്രശ്നങ്ങളാണല്ലോ
ഏത് മാറ്റത്തിനും വെല്ലുവിളികളുണ്ടാകും. എന്നാൽ നന്മയാണ് എപ്പോഴും ജയിക്കുക. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ എല്ലാവർക്കും അവസരമുണ്ട്.
? മുൻമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതായി റിപ്പോർട്ടുണ്ടല്ലോ
ആരുടെയെങ്കിലും തെറ്റ് കണ്ടെത്തി ശിക്ഷിക്കുന്നത് അല്ല ചെയർമാന്റെ ജോലി,അതിന്റെ ആവശ്യവുമില്ല. തെറ്റുകൾ സംഭവിക്കാതെ നോക്കുകയാണ് വേണ്ടത്.
?കെ.എസ്.ഇ.ബി യുടെ വികസനകാഴ്ചപ്പാട്
സ്ഥാപനത്തെ ലാഭത്തിലാക്കാൻ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ള സാഹചര്യമുണ്ട്. ജീവനക്കാരും ജനങ്ങളും ഒരുമിച്ച് നിന്നാൽ സാധിക്കാവുന്നതേയുള്ളൂ. സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികൾ പരമാവധി ഉപയുക്തമാക്കണം. 3000 ടി.എം.സി.ജലം സംസ്ഥാനത്തുണ്ട്. ഉപയോഗിക്കുന്നതോ 300ടി.എം.സി യിൽ താഴെ. ജലവൈദ്യുതിക്ക് നിരക്ക് കുറവാണ്. ഇടുക്കിയിൽ രണ്ടാംഘട്ടം നിർമ്മിക്കും. നിരവധി പദ്ധതികൾ പൂർത്തിയാക്കാതെ കിടപ്പുണ്ട്. അതെല്ലാം സമയബന്ധിതമായി തീർക്കും. കൂടുതൽ ജലവൈദ്യുതപദ്ധതികളുടെ സാദ്ധ്യതകളും വിനിയോഗിക്കും. സംസ്ഥാനത്ത് പീക്ക് അവേഴ്സിലാണ് വൈദ്യുതി കമ്മിയുള്ളത്. അത് ഇതുവഴി കണ്ടെത്താനും പുറമേനിന്ന് വാങ്ങുന്നതിന്റെ തോത് കുറയ്ക്കാനുമാകും. അതോടെ നിരക്ക് വർദ്ധനയെന്ന ബാദ്ധ്യതയിൽ നിന്ന് ജനങ്ങൾക്ക് രക്ഷപ്പെടാനാകും.
?പക്ഷേ കേന്ദ്രസമീപനം പലപ്പോഴും സംസ്ഥാനത്തിന് എതിരല്ലേ
സംസ്ഥാനത്തിന്റെ അധികാരം എല്ലാം കൈയടക്കി കൊണ്ടുപോകുന്ന സമീപനമാണ് അവർക്ക്. വൈദ്യുതി റെഗുലേറ്ററി കമ്മിഷനും നദീജലത്തിന്റെ അധികാരവുമെല്ലാം കേന്ദ്രസർക്കാർ കവരുകയാണ്. സംസ്ഥാനത്തെ വൻകിട ഉപഭോക്താക്കൾക്ക് ക്രോസ് സബ്സിഡിയൊന്നുമില്ലാതെ പുറമേനിന്ന് വൈദ്യുതി വാങ്ങി ഇഷ്ടംപോലെ കൊണ്ടുവരാനും ആർക്കുവേണമെങ്കിലും സോളാർ സ്ഥാപിച്ച് വൈദ്യുതിബോർഡിന് വിൽക്കാനും സ്വയം ഉപയോഗിക്കാനും അവസരം നൽകുന്ന കേന്ദ്രസമീപനം കെ.എസ്.ഇ.ബി.പോലുള്ള സ്ഥാപനങ്ങളുടെ വളർച്ചാ സാദ്ധ്യത ഇല്ലാതാക്കുന്നതാണ്. ജനങ്ങളും വൈദ്യുതി ബോർഡ് ജീവനക്കാരുമെല്ലാം ഒരുമിച്ച് ചെറുക്കേണ്ട ആപത്കാലമാണ് വരുന്നത്.
( അവസാനിച്ചു )