
സ്വാശ്രയ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാൻ പ്രൊഫഷണൽ മാനേജ്മെന്റിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാജ്യമെമ്പാടും 'ദേശീയ മാനേജ്മെന്റ് ദിനം" ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (ഐമാ) രാജ്യത്തുടനീളമുള്ള 68 പ്രാദേശിക മാനേജ്മെന്റ് അസോസിയേഷൻ ശൃംഖലയിലൂടെ വിവിധ പരിപാടികൾ നടത്തും. 66 വർഷങ്ങൾ പിന്നിട്ട ഐമായുടെ സ്ഥാപക ദിനമാണ് ദേശീയ മാനേജ്മെന്റ് ദിനമായി കഴിഞ്ഞ 16 വർഷങ്ങളായി ആചരിച്ചുവരുന്നത്.
1961-ൽ കൽക്കത്തയിലും അഹമ്മദാബാദിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുകൾ (ഐ.ഐ.എം) ആരംഭിച്ചത് ഇന്ത്യയുടെ പ്രൊഫഷണൽ മാനേജ്മെന്റ് രംഗത്തേക്കുള്ള പ്രയാണത്തിന്റെ ആദ്യത്തെ ചുവടുവയ്പുകളായി കണക്കാക്കാം. ആഗോളവത്കരണത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാൻ ലോകത്തിന്റെ ഏതുകോണിലും പ്രവർത്തിക്കാൻ പ്രാപ്തരായ നിപുണരായ പ്രൊഫഷണൽ മാനേജർമാരുടെ ഒരു നിര വാർത്തെടുക്കാൻ ഐ.ഐ.എമ്മുകൾ മറ്റു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഐമാ തുടങ്ങിയ പ്രൊഫഷണൽ മാനേജ്മെന്റ് സംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ സാദ്ധ്യമാക്കിയിരിക്കുകയാണ്.
രാജ്യമെമ്പാടും പുതുതായി വരുന്ന സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് പ്രൊഫഷണൽ മാനേജ്മെന്റ് സഹായമില്ലാതെ വളർന്ന് വികസിക്കാൻ സാദ്ധ്യമല്ല. വരാനിരിക്കുന്ന വമ്പിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ തയ്യാറാക്കാൻ ഐ.ഐ.എമ്മുകൾക്ക് കാര്യമായ പങ്കുവഹിക്കാൻ കഴിയും. ഒരുവർഷം 3000 പേർക്ക് പ്രവേശനം നൽകുന്ന രാജ്യത്തെ ഐ.ഐ.എമ്മുകളും 30,000 അംഗസംഖ്യയുള്ള ഐ.ഐ.എം പൂർവ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയും ഈ രംഗത്ത് കാര്യമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യൻ വ്യവസായരംഗത്തെപ്പോലെ വിശാലവും സങ്കീർണവുമായ ഒരു മേഖലയിലെ വെല്ലുവിളികൾ തരണം ചെയ്തു വിജയം വരിച്ച ഇന്ത്യയിലെ പ്രൊഫഷണൽ മാനേജർമാർക്ക് ബഹുരാഷ്ട്ര കമ്പനികൾ പ്രാദേശിക പരിഗണന നൽകുന്നു. ഏറ്റവും ഒടുവിൽ പരാഗ് അഗർവാൾ ട്വിറ്ററിന്റെ സാരഥ്യം ഏറ്റെടുത്തത് ഉൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ഏഴ് അമേരിക്കൻ കമ്പനികളുടെ സാരഥികളായി ഇന്ത്യൻ വംശജരായ ഏഴു പേർ സ്ഥാനമേറ്റിരിക്കുകയാണ്. 1990 വരെ ഇന്ത്യൻ വംശജർക്ക് അമേരിക്കൻ കമ്പനികളുടെ സാരഥികളാകുന്നത് വിദൂര സ്വപ്നമായിരുന്നു. രാജ്ഗുപ്താ (രോഹം അൻഹാസ്) രമണി അയ്യർ (ഹാർട്ട് ഫോർഡ് സർവീസസ്) രാഗേഷ് ഗാംഗവാൾ (യു.എസ് എയർലൻസ്) എന്നീ ഇന്ത്യൻ വംശജരാണ് ആദ്യമായി യു.എസ് കമ്പനികളുടെ സി.ഇ.ഒമാരായത്.
ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ മാനേജ്മെന്റ് ദിനാഘോഷ ചടങ്ങിൽ 'അനിശ്ചിതത്വത്തിൽ സമൂലമാറ്റത്തിലൂടെ അഭിവൃദ്ധി നേടുക" എന്ന വിഷയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.