
ഗുരുദേവൻ ഉയർത്തിപ്പിടിച്ച മതേതരമായ ആത്മീയത കാത്തുസൂക്ഷിക്കാൻ കഠിനപ്രയത്നം നടത്തിയ സന്യാസിവര്യനായിരുന്നു സ്വാമി ശാശ്വതികാനന്ദ. സങ്കുചിത ചിന്തകളും നിക്ഷിപ്ത താത്പര്യങ്ങളും മുറുകെ പിടിക്കുന്ന മതാധിഷ്ഠിത പ്രസ്ഥാനങ്ങൾ ശിവഗിരി പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങൾ ശിവഗിരിയെയും ഗുരുദേവധർമ്മത്തെയും പാടെ നശിപ്പിക്കുമെന്ന് സ്വാമി ശാശ്വതികാനന്ദ തിരിച്ചറിഞ്ഞിരുന്നു. അത്തരം ശ്രമങ്ങൾക്കെതിരെ സ്വാമി നടത്തിയ പടപൊരുതൽ ശ്രദ്ധേയമായ ഒരു ചരിത്രാദ്ധ്യായമായി മാറി.
ഗുരുധർമ്മ പ്രചാരണാർത്ഥം ഒട്ടേറെ ലേഖനങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ പുസ്തകരൂപത്തിൽ പ്രകാശിതമാകാത്തത് നിർഭാഗ്യകരമാണ്. 1992-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗുരുദേവന്റെ സത്യദർശനം ആണ് സ്വാമിയുടെ പേരിൽ പുറത്തിറങ്ങിയിട്ടുള്ള ഏക പുസ്തകം. ശ്രീനാരായണ ധർമ്മത്തിന്റെ സവിശേഷതകൾ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ശ്രീനാരായണ ദർശനങ്ങളുടെ അർത്ഥവും ലക്ഷ്യവും നിർവചിക്കുന്ന ലേഖനങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട്.
ഭാരതീയ തത്വചിന്തയുടെ മർമ്മമാണ് അദ്വൈത ദർശനം. അതിന്റെ ഏറ്റവും പുതിയ പുനരാഖ്യാനം ആണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ സിദ്ധാന്തം. അത് എങ്ങനെ തനതായ ഒരു ശ്രീനാരായണ സംസ്കാരത്തിന്റെ അടിത്തറയായി മാറുന്നു എന്ന് സ്വാമി മറ്റൊരു ലേഖനത്തിൽ വിവരിക്കുന്നു.
ദീർഘകാലമായി കേരളത്തിൽ നിലനിന്നുവരുന്ന ക്ഷേത്ര സംസ്കാരത്തിന്റെ ഒരു പുതിയ പതിപ്പായിട്ടാണ് ശ്രീനാരായണ ഗുരുമന്ദിരങ്ങൾ പരിഗണിക്കപ്പെടുന്നത്. ഈ ഗുരുമന്ദിരങ്ങളുടെ പ്രസക്തി എന്താണെന്ന് ഗുരുദേവനും ഗുരുമന്ദിരങ്ങളും എന്ന ലേഖനത്തിൽ വിവരിക്കുന്നു.
കൂടാതെ, ശിവഗിരിയുടെ മാഹാത്മ്യം വിവരിക്കുന്ന നന്മയുടെ നവദീപങ്ങൾ ഗുരുവിനെ അറിയുക എന്ന വിജ്ഞാനപ്രദമായ വിവരണം ആലുവാ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ പ്രാധാന്യമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന പരിസ്ഥിതി വിജ്ഞാനത്തിന് ദാർശനികമാനം, ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളെ വിശദീകരിക്കുന്ന സംരക്ഷിക്കപ്പെടേണ്ട ജന്മാവകാശം ശ്രീമദ് വിവേകാനന്ദസ്വാമികൾ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ ചിന്തോദ്ദീപകമായ ലേഖനങ്ങൾ അടങ്ങിയതാണ് രണ്ടാം ഭാഗം.
കാലിക പ്രാധാന്യമുള്ള മുപ്പതോളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ വിവരണമാണ് മൂന്നാം ഭാഗത്തുള്ളത്.
ശാശ്വതികാനന്ദസ്വാമിയുടെ വിജ്ഞാനദായകമായ ഒട്ടേറെ ലേഖനങ്ങൾ പ്രമുഖ ദിനപ്പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഴമേറിയ പഠനത്തിന്റെയും സൂക്ഷ്മമായ ചിന്താധാരയുടെയും പ്രതിഫലനങ്ങളാണ് അവയെല്ലാം.
(ലേഖകന്റെ ഫോൺ : 9744466666)