
ഗുരുദേവദർശനം എല്ലാം മനുഷ്യനും വേണ്ടിയെന്ന സമീപനം മതാതീത കാഴ്ചപ്പാട് അടയാളപ്പെടുത്തുന്നുണ്ട്. മാനവികതയ്ക്ക് പ്രാമുഖ്യം നൽകുന്ന വിധത്തിൽ ഗുരുദേവൻ അദ്വൈതദർശനത്തെ പുതുക്കി അവതരിപ്പിച്ചു. ആത്മീയതയ്ക്കൊപ്പം മാനവികതയ്ക്കും മുൻതൂക്കം നൽകുന്ന ദർശനമാണ് ഗുരുദേവന്റെ മുഖമുദ്ര. ഒരേ അച്ഛന്റെ മക്കൾ തമ്മിലുള്ള സാഹോദര്യവും അതിലൂടെ സമ്മതിക്കപ്പെടുന്ന സഹജസമത്വവും ആർക്കും നിഷേധിക്കാനാകില്ലെന്നതാണ് സ്വാമി ശാശ്വതികാനന്ദ മതാതീത ആത്മീയതയിലൂടെ ഉദ്ബോധിപ്പിച്ചത്. അഗാധമായ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നവർക്കും ഗുരുദർശനത്തെ ചാതുർവരേണ്യ വർഗത്തിന് അടിയറവു വയ്ക്കുന്നവർക്കും ശാശ്വതികാനന്ദസ്വാമിയെ അംഗീകരിക്കാൻ കഴിയില്ല. മനുഷ്യസമത്വത്തിലും സാഹോദര്യത്തിലുമാണ് മാനവികത നിലകൊള്ളുന്നത്. ആത്മീയതയും ഭൗതികതയും അദ്വൈതദർശനത്തിൽ പരസ്പരം യോജിച്ചുനിൽക്കുന്നു. ഗുരുദേവന്റെ മതാതീത മാനവികത വേണ്ടുവോളം ഗ്രഹിച്ച സന്യാസിവര്യനായിരുന്നു സ്വാമി ശാശ്വതികാനന്ദ.
തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിന് അടുത്ത് കുത്തുകല്ലുംമൂട്ടിലെ ഒരു സാധാരണ കുടുംബത്തിൽ 1950 ഫെബ്രുവരി 21ന് രേവതി നക്ഷത്രത്തിൽ ജന്മംകൊണ്ട് ശശിധരൻ എന്ന പേരിലാണ് പൂർവാശ്രമത്തിൽ അറിയപ്പെട്ടിരുന്നത്. ശിവഗിരി മഠത്തിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ ഗുരുദർശനത്തിന്റെ മഹത്വം ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ എഴുതി. ''നമ്മുടെ ഉള്ളിന്റെയുള്ളിൽ അമൂല്യമായ ഒരു വിളക്ക് സ്ഥിതിചെയ്യുന്നു. ആ അനശ്വര ദീപത്തെ കണ്ടെത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനുള്ള ക്ളാസുമുറിയായി ശിവഗിരി തീർത്ഥാടനത്തെ കാണണം." ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും ശിവഗിരിമഠത്തിനും രാഷ്ട്രീയ സാമൂഹിക സേവനരംഗത്തും സ്വാമികൾക്ക് ഉണ്ടായിരുന്ന സ്ഥാനം മറ്റാർക്കും സ്വന്തമാക്കാനായിട്ടില്ല. സ്വാമിയുടെ 72-ാമത് ജയന്തി നാടെങ്ങും മതാതീതദിനമായി ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ആഘോഷിക്കുകയാണ്.
(ലേഖകന്റെ ഫോൺ: 8078108298)