v

തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ. കോളേജിനും ഒരു വിഭാഗം അദ്ധ്യാപകർക്കുമെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്രേ. പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകൻ ടി. അഭിലാഷ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് റിപ്പോർട്ടിന്മേൽ തുടർനടപടികൾ നാലാഴ്ചത്തേക്കു തടഞ്ഞ് കോടതി നടപടി.

ടി. അഭിലാഷിനെതിരെ ഒരു വിഭാഗം അദ്ധ്യാപകർ ഉയർത്തിയ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോളേജിലെ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഗവർണറുടെ നിർദ്ദേശത്തെ തുടർന്ന് നടന്ന പൊലീസ് അന്വേഷണത്തിലും അഭിലാഷ് നിരപരാധിയെന്ന് കണ്ടെത്തി. വ്യത്യസ്ത തലത്തിൽ സ്വതന്ത്രമായി നടന്ന അന്വേഷണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ അന്വേഷണങ്ങൾ പരിഗണിക്കാതെ,​ കോളേജിനെയും അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ട് സമർപ്പിച്ച കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എസ്.എൻ. ട്രസ്റ്റും കോളേജ് അധികൃതരും.