s

@രോഗിക്ക് അനസ്തേഷ്യപോലും ആവശ്യമില്ലാത്ത ന്യൂതനശസ്ത്രക്രിയ

തിരുവനന്തപുരം : താക്കോൽദ്വാര ശസ്ത്രക്രിയിലൂടെ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിംസ് മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. സാധാരണ നടത്താറുള്ള ഹൃദയം തുറന്നുള്ള (ഓപ്പൺ) ശസ്ത്രക്രിയയ്ക്ക് പകരമായി ശരീരത്തിൽ മുറിവുകളില്ലാതെ അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയാരീതിയാണിത്. നിംസ് ഹാർട്ട്‌ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധറിന്റെ നേതൃത്വത്തിൽ മാലിദ്വീപ് സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിക്ക് അനസ്തേഷ്യ പോലും ആവശ്യവുമില്ല. ഓപ്പൺ ശസ്ത്രക്രിയേക്കാൾ കുറച്ച് ആശുപത്രിവാസം, അണുബാധയുടെ സാദ്ധ്യതക്കുറവ്, തുടങ്ങിയവ ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. പക്ഷാഘാതം, കിഡ്‌നി തകരാറുകൾ എന്നീ ഓപ്പൺ ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങളും ഇതിനുണ്ടാകില്ല. കാലിലെ ചെറിയ ഒരു സുഷിരത്തിലൂടെ ആൻജിയോ പ്ലാസ്റ്റിക്ക് സമാനമായ ശസ്ത്രക്രിയയാണിത്. വേഗത്തിൽ പൂർത്തിയാക്കാനുമാകും. സുരക്ഷിതവും ലളിതവും പ്രത്യേകിച്ചും പ്രായമുള്ളവർക്ക് ഏറ്റവും ആശ്വാസകരവും വേഗത്തിൽ സുഖം പ്രാപിക്കാനാവുമെന്നതുമായ ശസ്ത്രക്രിയ രീതിയാണിതെന്ന് ഡോ. മധു ശ്രീധർ പറഞ്ഞു.

നിംസ് മെഡിസിറ്റിയിൽ ഇതിനോടകം വീഡിയോ അസിസ്റ്റഡ് തോറാക്കോസ്‌കോപ്പിക് സർജറി സാങ്കേതികത ഉപയോഗിച്ച് താക്കോൽദ്വാരത്തിലൂടെ 200ൽ കൂടുതൽ ശ്വാസകോശ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോ.മധു ശ്രീധറിന്റെ നേതൃത്തിലുള്ള ഡോ.കിരൺ ഗോപിനാഥ്, ഡോ.മഹാദേവൻ, ഡോ.ആഷർ എന്നിസ് നായഗം, ഡോ. ഹാരിസ് എന്നിവരടങ്ങുന്ന സംഘത്തെ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാൻ അഭിനന്ദിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ പഴയപോലെ വിദേശികൾ മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ എത്തിത്തുടങ്ങിയതായും ഫൈസൽ ഖാൻ പറഞ്ഞു.