df

തിരുവനന്തപുരം: സ്‌റ്റാർട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട,​ ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൽവത്കരിക്കാനുള്ള പദ്ധതിയുമായി കേരള സ്‌റ്റാർട്ടപ്പ് മിഷൻ. ടെക്‌നോളജി സ്‌റ്റാർട്ടപ്പുകളേയും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള വ്യവസായികളേയും ചെറുകിട,​ ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. മാർച്ച് രണ്ടാംവാരം കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്‌റ്റാർട്ടപ്പ് - എസ്.എം.ഇ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിൽ ചെറുകിട വ്യവസായങ്ങൾക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും ചെറുകിട മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധരുടെ സെഷനുകളും നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റാർട്ടപ്പുകൾക്ക് വ്യവസായികൾക്കും വ്യവസായ സംഘടന പ്രതിനിധികൾക്കും മുന്നിൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും അവസരമുണ്ട്. സ്‌റ്റാർട്ടപ്പ് പ്രദർശനത്തിൽ പങ്കെടുക്കാൻ bit.ly/SME_conclave എന്ന ലിങ്കിൽ 26ന് മുമ്പ് അപേക്ഷിക്കണം. ചെറുകിട,​ ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്‌ക്ക് ഡിജിറ്റൽവത്കരണം അനിവാര്യമായതിനാൽ അധികം സാമ്പത്തിക ബാദ്ധ്യതയില്ലാതെ കേരളത്തിലെ സംരംഭങ്ങളെ അതിനു പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.യു.എം സി.ഇ.ഒ ജോൺ എം.തോമസ് പറഞ്ഞു.