തിരുവനന്തപുരം: ജാതിമത ഭേദമെന്യേ ആരാധനാസ്വാതന്ത്ര്യമുള്ള ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രവും മഹാശിവലിംഗവും ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഏഴാം ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അഭിമാനമാണ് ഈ ക്ഷേത്രം. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തുന്ന തീർത്ഥാടകർക്ക് ആത്മീയ ചൈതന്യം നൽകി മനുഷ്യ നന്മയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ചെങ്കൽ എന്ന ഗ്രാമം മഹാശിവലിംഗത്തോടുകൂടി ലോകം മുഴുവൻ അറിയപ്പെട്ടതിൽ ഓരോ ചെങ്കൽ നിവാസികൾക്കും അഭിമാനിക്കാമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗകളായ വൈ. വിജയൻ, വി.കെ. ഹരികുമാർ, ഓലത്താനി അനിൽ, കെ.പി മോഹനൻ, ജനാർദ്ദനൻ നായർ എന്നിവർ പങ്കെടുത്തു.