basmati

കൊച്ചി: ബസുമതി അരി കയറ്റുമതിയിൽ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി ബദ്ധവൈരികളായ പാകിസ്ഥാന്റെ കുതിപ്പ്. നടപ്പുവർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ നിന്നുള്ളത് 28.5 ശതമാനം ഉയർന്നു.

294.70 കോടി ഡോളറിൽ നിന്ന് 238.2 കോടി ഡോളറിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനം കുറഞ്ഞത്. കയറ്റുമതിഅളവ് 33.81 ലക്ഷം ടണ്ണിൽ നിന്ന് കുറഞ്ഞ് 27.45 ലക്ഷം ടണ്ണിലെത്തിയെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ) വ്യക്തമാക്കി.

ജൂണിലാരംഭിച്ച് മേയിൽ അവസാനിക്കുന്നതാണ് പാകിസ്ഥാന്റെ സാമ്പത്തികവർഷം. ജൂൺ-ഡിസംബറിൽ പാകിസ്ഥാൻ കയറ്റുമതി ചെയ്‌തത് 4.14 ലക്ഷം ടണ്ണാണ്. മുൻവർഷത്തെ സമാനകാലത്തെ 2.93 ലക്ഷം ടണ്ണിനേക്കാൾ 28.58 ശതമാനം അധികമാണിത്.

കയറ്റുമതിഅളവിലും വരുമാനത്തിലും ഇന്ത്യയേക്കാൾ ഏറെ പിന്നിലാണ് പാകിസ്ഥാൻ. എന്നാൽ, ഇന്ത്യയുടെ നഷ്‌ടം പാകിസ്ഥാൻ ലാഭമാക്കി മാറ്റുകയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ബസുമതി അരി കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 16 ശതമാനത്തിൽ ഒതുങ്ങിയപ്പോൾ പാകിസ്ഥാന്റേത് 25 ശതമാനമായി ഉയർന്നത് ഇതിനുതെളിവാണ്.

46.30 ലക്ഷം ടൺ

നടപ്പുവർഷം ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി 46.30 ലക്ഷം ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡിന് മുമ്പത്തേതിനേക്കാൾ അധികമാണിത്. 2019-20ൽ കയറ്റുമതി 44.54 ലക്ഷം ടണ്ണായിരുന്നു.

തിരിച്ചടികൾ

യൂറോപ്യൻ യൂണിയൻ, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ബസുമതി അരി കയറ്റുമതിയിലാണ് ഇന്ത്യ തിരിച്ചടി നേരിടുന്നത്. കീടനാശിനി ഉപയോഗം സംബന്ധിച്ച് ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച മാനദണ്ഡം പാലിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇറാനും എണ്ണയും

ഇന്ത്യയിൽ നിന്നുള്ള അരിക്കുപകരം ഇറാൻ എണ്ണ (ക്രൂഡോയിൽ) നൽകണമെന്ന കരാർ ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയിൽ 34 ശതമാനവും ഇറാനിലേക്കായിരുന്നു. എന്നാൽ, അമേരിക്കൻ നിർബന്ധം മൂലം ഇറാനിൽ നിന്നുള്ള എണ്ണവാങ്ങൽ ഇന്ത്യ നിറുത്തിയതോടെ പദ്ധതിപാളി. ഇറാനിലേക്കുള്ള അരി കയറ്റുമതിയും കുറഞ്ഞു.