
കൊച്ചി: റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പറയുമ്പോഴും 'സ്വിഫ്റ്റ്" ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിൽ നിന്ന് തത്കാലം വിലക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഭാവിയിൽ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കിയേക്കാം. അങ്ങനെയുണ്ടായാൽ അത് ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തികൾ തമ്മിലെ 'സാമ്പത്തിക ആണവയുദ്ധമായി" മാറുമെന്ന് സമ്പദ്വിദഗ്ദ്ധർ പറയുന്നു.
എന്താണ് ഈ സ്വിഫ്റ്റ്?
സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ എന്നതിന്റെ ചുരുക്കമാണ് സ്വിഫ്റ്റ്. ബെൽജിയം ആസ്ഥാനമായി 1973ൽ പിറന്ന ലോകത്തെ പ്രമുഖ ബാങ്കുകളുടെ കോ-ഓപ്പറേറ്റീവ് കൂട്ടായ്മയാണിത്.
നാഷണൽ ബാങ്ക് ഒഫ് ബെൽജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, ബാങ്ക് ഒഫ് ഇംഗ്ളണ്ട്, യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടങ്ങിയവയുടെ മേൽനോട്ടവുമുണ്ട്.
സാധാരണ ബാങ്കല്ല
സാധാരണ ബാങ്കുകളെപ്പോലെ സ്വിഫ്റ്റ് ഒരു പണമിടപാട് സ്ഥാപനമല്ല. ലോകത്തെ ബാങ്കുകൾക്കിടയിലെ പണമിടപാടുകൾക്ക് സുരക്ഷ ഒരുക്കുകയും തട്ടിപ്പും സൈബർ ആക്രമണങ്ങളും മറ്റും തടയുകയും ചെയ്യുകയാണ് ദൗത്യം.
ഇന്ത്യൻ ബാങ്കുകൾ ഉപയോഗിക്കുന്ന ഐ.എഫ്.എസ് കോഡിന് സമാനമായ സ്വിഫ്റ്റ് കോഡും അംഗരാജ്യങ്ങൾക്കുണ്ട്. ഇതുപയോഗിച്ചാണ് രാജ്യാന്തര പണമിടപാട്. ഉദാഹരണത്തിന് ഡോളറിലെ പണം കൈമാറ്റത്തിന് അമേരിക്കയ്ക്ക് പ്രത്യേക കോഡുണ്ട്.
 200 രാജ്യങ്ങളിലെയായി 11,000 ധനകാര്യ സ്ഥാപനങ്ങൾ സ്വിഫ്റ്റിൽ അംഗമാണ്.
4.20 കോടി
2021ൽ ഓരോ ദിവസവും ശരാശരി 4.20 കോടി ഇടപാടുകളാണ് സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2020നേക്കാൾ 11 ശതമാനം അധികം. 1.5 ശതമാനമാണ് റഷ്യൻ പണമിടപാടുകളുടെ പങ്ക്.
റഷ്യയ്ക്ക് എന്ത് സംഭവിക്കും?
സ്വിഫ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടാൽ റഷ്യൻ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തും. കാരണം, ലോകത്തെ ഒട്ടുമിക്ക ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാട് റഷ്യയ്ക്ക് സാദ്ധ്യമാവില്ല. ക്രൂഡോയിൽ, പ്രകൃതിവാതക കയറ്റുമതിയാണ് റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനവും. സ്വിഫ്റ്റില്ലെങ്കിൽ റഷ്യയ്ക്ക് ഈ വരുമാനം മുടങ്ങും.
2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കാൻ ലോകരാഷ്ട്രങ്ങൾ ആലോചിച്ചിരുന്നു. അത്തരമൊരു തീരുമാനം റഷ്യയ്ക്കെതിരായ യുദ്ധപ്രഖ്യാപനമായി കാണുമെന്നാണ് അന്ന് റഷ്യ തിരിച്ചടിച്ചത്.
എളുപ്പമല്ല പുറത്താക്കൽ
സ്വിഫ്റ്റിൽ നിന്ന് ഇറാനെ പുറത്താക്കുന്നതിൽ അമേരിക്ക വിജയിച്ചിട്ടുണ്ട്. പക്ഷേ, റഷ്യയ്ക്കെതിരെ അത്തരമൊരു നീക്കം നടത്തിയാൽ റഷ്യ മാത്രമല്ല അമേരിക്കയും ജർമ്മനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും വൻ തിരിച്ചടി നേരിടും. കാരണം, ഇവയുമായി റഷ്യയ്ക്ക് വലിയ സാമ്പത്തിക ബന്ധങ്ങളുണ്ട്.
സ്വന്തം പദ്ധതി
ഉപരോധമടക്കമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് തിരച്ചറിഞ്ഞുതന്നെയാണ് യുക്രെയിനിൽ യുദ്ധത്തിന് വ്ളാഡിമിർ പുടിൻ ധൈര്യപ്പെട്ടത്. യുക്രെയിനിലേക്കുള്ള കടന്നുകയറ്റം പെട്ടെന്നുള്ള തീരുമാനമല്ലെന്ന് ഏവരും മനസിലാക്കി കഴിഞ്ഞു.
സ്വിഫ്റ്റിൽ നിന്ന് പുറത്താക്കപ്പെടാനുള്ള സാദ്ധ്യതയും റഷ്യ നേരത്തേ കണക്കാക്കിയിരുന്നു. സ്വന്തമായി സ്വിഫ്റ്റ് സംവിധാനം വികസിപ്പിക്കാനുള്ള നടപടികളും അതുകൊണ്ട് റഷ്യ നേരത്തേ നടത്തിയിരുന്നു. പക്ഷേ, പൂർണമായി വിജയിച്ചിട്ടില്ലെന്ന് മാത്രം.