
മുംബയ്: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻ.എസ്.ഇ) ഡേറ്റാ സെന്റർ ക്രമക്കേട് സംബന്ധിച്ച കേസിൽ മുൻ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാംകൃഷ്ണയുടെ മുഖ്യ ഉപദേശകനും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് 'അജ്ഞാതനായ ഹിമാലയൻ യോഗി"യെന്ന് സ്ഥിരീകരിച്ച് സി.ബി.ഐ വൃത്തങ്ങൾ.
ആനന്ദിനെ കഴിഞ്ഞദിവസം രാത്രി ചെന്നൈയിലെ വീട്ടിൽനിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആദ്യത്തെ അറസ്റ്റാണിത്. ചിത്ര രാംകൃഷ്ണൻ എൻ.എസ്.ഇയിലെ വിവരങ്ങൾ ചോർത്തി നൽകിയ ഋഗ് യജുർസാമ@ഔട്ട്ലുക്ക്.കോം എന്ന ഇ-മെയിലിന്റെ ഉടമ ആനന്ദ് തന്നെയാണെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.വൻകിട ബ്രോക്കർമാർക്ക് എൻ.എസ്.ഇയുടെ സെർവറുകളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി അനധികൃത ലാഭം കൊയ്യാനും അവസരമൊരുക്കിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ആനന്ദിന്റെ അറസ്റ്റ്. 2018ലാണ് കേസിനാസ്പദമായ സംഭവം. ബോൾമർ ലോറീ എന്ന സ്വകാര്യ കമ്പനിയിലെ സാധാരണ ജീവനക്കാരനായിരുന്ന ആനന്ദിനെ 2013 ഏപ്രിലിലാണ് ചിത്ര രാംകൃഷ്ണ ചീഫ് സ്ട്രാറ്റജിക് അഡ്വൈസറായി എൻ.എസ്.ഇയിൽ എത്തിക്കുന്നത്.എൻ.എസ്.ഇയുടെ ബോർഡുമായോ എച്ച്.ആർ വകുപ്പുമായോ ആലോചിക്കാതെയായിരുന്നു നിയമനം. ബോൾമറിൽ 15 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ടായിരുന്ന ആനന്ദിന് എൻ.എസ്.ഇയിൽ ലഭിച്ചത് 1.68 കോടി രൂപയുടെ പാക്കേജ്. 2016-17ൽ ചിത്രയുടെ മുഖ്യ ഉപദേശകനായി മാറിയ ആനന്ദിന്റെ ശമ്പളം 4.21 കോടി രൂപയായി. എൻ.എസ്.ഇയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വേതനത്തേക്കാൾ അധികമാണിത്.20 വർഷക്കാലം തന്നെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നിയന്ത്രിച്ചത് അജ്ഞാതനായ ഒരു ഹിമാലയൻ യോഗിയാണെന്ന് ചിത്ര രാംകൃഷ്ണ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എൻ.എസ്.ഇയിൽ ചിത്രയും ആനന്ദും ചേർന്ന് നടത്തിയ ക്രമക്കേടുകൾക്ക് പിന്നിൽ ഈ യോഗിയായിരുന്നുവെന്നായിരുന്നു ആരോപണങ്ങൾ.
പാസ്വേഡും ഇ-മെയിലും മറന്നു!
ചെന്നൈ കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് വാങ്ങി ന്യൂഡൽഹിയിൽ എത്തിച്ച ആനന്ദ് സുബ്രഹ്മണ്യൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ല.
ഉപയോഗിച്ചിരുന്ന ഇ-മെയിലോ പാസ്വേഡോ ഓർമ്മയില്ലെന്നാണ് ആനന്ദ് പറയുന്നത്. മാർച്ച് ആറുവരെ ആനന്ദിനെ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്