
റഷ്യൻ ആക്രമണത്തിൽ അടിപതറിയ യുക്രെയിനിന്റെ ദീനമുഖം ഇന്നലെ ലോകം കണ്ടത് ഈ ചിത്രത്തിലൂടെ. ഖാർകീവിൽ, വ്യോമാക്രമണത്തിൽ തകർന്ന താമസ സമുച്ചയത്തിനു മുന്നിൽ ചോരയൊലിക്കുന്ന മുഖവുമായി വിലപിക്കുന്ന സ്ത്രീയുടെ ദൃശ്യം മനുഷ്യ നിസ്സഹായതയുടെ നേർച്ചിത്രമായി. വിവിധ രാജ്യങ്ങളിലായി ഏറ്റവും അധികം ദിനപത്രങ്ങൾ യുദ്ധ വാർത്ത അവതരിപ്പിച്ചത് ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പിയിൽ നിന്നുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
അടുത്ത ചോദ്യം: യുദ്ധമുഖത്തു നിന്ന് ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ആര്? തുർക്കിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'അനദോലു'വിനു വേണ്ടി വുൾഫ്ഗാംഗ് ഷ്വാൻ പകർത്തിയതാണ് ഈ ചിത്രം. എ.എഫ്.പി ഇത് ലോകമാകെയുള്ള മാദ്ധ്യമങ്ങൾക്കു നല്കി.
ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് ആയ വുൾഫ്ഗാംഗിന്റെ ചിത്രങ്ങൾ വാൾ സ്ട്രീറ്റ് ജേർണൽ, ദ ടൈംസ്, വാനിറ്റി ഫെയർ, ദി അറ്റ്ലാന്റിക് തുടങ്ങിയ ലോകപ്രശസ്ത മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫറെക്കുറിച്ച് അധിക വിവരങ്ങൾ പരതിയാൽ ഗൂഗിളിൽ ലഭിക്കുന്ന വിവരം ഇത്രമാത്രം: ഇപ്പോൾ ഫിലാഡെൽഫിയയിൽ ടോർ എന്ന വളർത്തുനായയ്ക്കൊപ്പം താമസം. അവെയ്‌ലബിൾ ഫോർ അസൈൻമെന്റ്സ്!