car

കൊച്ചി: റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ അസംസ്കൃതവസ്‌തുക്കൾക്ക് ക്ഷാമം നേരിടാനും അവയുടെ വില കുത്തനെ കൂടാനും സാദ്ധ്യതയുള്ളതിനാൽ ഇന്ത്യയിൽ വാഹനവില വൻതോതിൽ വൈകാതെ ഉയർന്നേക്കും. ഉത്‌പാദനവും കുറയുമെന്നതിനാൽ ഇഷ്‌ടവാഹനം ബുക്ക് ചെയ്‌ത് കൈയിൽ കിട്ടാൻ ഉപഭോക്താക്കൾ ഏറെമാസങ്ങൾ കാത്തിരിക്കേണ്ടിയും വരും.
മൈക്രോചിപ്പ് അഥവാ സെമികണ്ടക്‌ടറുകളുടെ ക്ഷാമമുള്ളതിനാൽ നിലവിൽത്തന്നെ ഡിമാൻഡിനൊത്ത് ഉത്പാദനം നടക്കുന്നില്ല. അതിനിടെയാണ് തിരിച്ചടിയായി യുദ്ധം. ഇത്,​ വാഹനവില്പന കുറയാനും കമ്പനികളുടെ സാമ്പത്തികഭദ്രതയെ ഉലയ്ക്കാനും ഇടയാക്കും.
അലുമിനിയം,​ റോഡിയം,​ പ്ലാറ്റിനം,​ പലേഡിയം എന്നിവ വാഹന നിർമ്മാണത്തിലെ അനിവാര്യഘടകങ്ങളാണ്. ഇവയുടെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യയും യുക്രെയിനും സമീപരാജ്യങ്ങളും. യുദ്ധപശ്ചാത്തലത്തിൽ ഈ അസംസ്കൃതവസ്തുക്കളുടെ നീക്കം കുറയുമെന്ന് ഉറപ്പാണ്. കഴിഞ്ഞവാരം തന്നെ ഇവയുടെ വിലനിലവാരം ഒരുവർഷത്തെ ഉയരത്തിൽ എത്തിയിരുന്നു.