
ശ്രീനാരായണ ഗുരുദേവൻ സ്വന്തം അവതാര കൃത്യനിർവഹണത്തിന്, ശിവസങ്കൽപ്പത്തെ - ശൈവസംസ്കാരത്തെയാണ് ഉപാധിയായി സ്വീകരി ച്ചത്.'ശിവൻ വന്നാൽ എല്ലാമായി"എന്ന് ഗുരുദേവൻ ഉരിയാടിയിട്ടുണ്ട്. ശിവൻ മംഗളമൂർത്തിയാണ്. അരുവിപ്പുറത്ത് അങ്ങനെയുള്ള ശിവമൂർത്തിയെയാണ് ഗുരുദേവൻ പ്രതിഷ്ഠിച്ചത്. പിൽക്കാലത്ത് പ്രതിഷ്ഠാധികാരത്തെ ചോദ്യം ചെയ്തവരോട് നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ് എന്ന ഗുരുദേവ കൽപ്പനയിലെ 'നമ്മുടെ"എന്നതിന് ഗുരുവിന്റെ സങ്കൽപ്പമൂർത്തിയായ ശിവനെ, ജാതിയില്ലാത്ത സ്രഷ്ടാദികളായ പഞ്ചശക്തികളുള്ള ശിവനെ എന്നൊക്കെ ചിന്തിക്കാവുന്നതാണ്. ഗുരുദേവന്റെ അവതാരലക്ഷ്യം പ്രധാനമായും ജാതിഭേദ ഉന്മൂലനമായിരുന്നുവല്ലോ. അതിന് ശിവനെ ഉപാധിയായി സ്വീകരിച്ച് ശിവരാത്രിക്ക് ശിവപ്രതിഷ്ഠയിലൂടെ നാന്ദികുറിച്ചു. തുടർന്ന് ജാതിയോടൊപ്പമുള്ള മതഭേദത്തെ ദൂരീകരിക്കാൻ മറ്റൊരു ശിവരാത്രിനാളിൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ആദ്യ സർവമതസമ്മേളനം നടത്തി. അങ്ങനെ അവതാര ലക്ഷ്യത്തിന് ശിവരാത്രി തന്നെ ഗുരു സ്വീകരിച്ചു. വർക്കലയിലെ കുന്നിന് ശിവഗിരിയെന്ന പേര് നൽകി. പ്രതിഷ്ഠകളും കൃതികളും കൂടുതലായും ശിവപ്പെരുമാനെക്കുറിച്ചായതും ഈ ദാർശനിക കാഴ്ചപ്പാടിലൂടെയെന്നു കാണാം.
ഗുരുഭക്തർക്ക് ഏറ്റവും കൂടുതൽ ആരാധനാലയങ്ങളുള്ളത് ശൈവപരമാണ്. അതിനാൽ അവർക്ക് ശിവരാത്രിയുടെ പ്രാധാന്യം വളരെ വലുതാണ്. മഹാശിവരാത്രിയെ ഗുരുഭക്തർ തങ്ങളുടെ നവോത്ഥാനദിനമായി സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ഗുരുദേവസ്മരണയും അരുവിപ്പുറം സ്മൃതിയും ഉണർത്തുന്നതിൽ ഇത് എത്രയും സഹായകമായിരിക്കും.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമാണ് ജാതിഭേദത്തിന്റെയും അയിത്താചാരത്തിന്റെയും ആധാരകേന്ദ്രങ്ങളെന്ന് ബോധാനന്ദ സ്വാമികൾ പറയുമായിരുന്നു. അതിനാൽ ക്ഷേത്രത്യാഗ പ്രസ്ഥാനത്തിനുതന്നെ സ്വാമികൾ നേതൃത്വം നല്കി. അന്ധവിശ്വാസ ജഡിലമായ ആരാധനകളിൽ നിന്നും ഗുരുഭക്തർ വിമുക്തരാകുക തന്നെ വേണം. ഗുരുവിന്റെ അവസാനശിഷ്യനായ ആനന്ദതീർത്ഥർ സ്വാമികളും ഇതേ അഭിപ്രായക്കാരൻ തന്നെയായിരുന്നു. അദ്ദേഹവും ക്ഷേത്രബഹിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കി. ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക്- അവർണർക്ക് പ്രവേശനമില്ലായിരുന്നെങ്കിലും ക്ഷേത്രവിഹിതം- ധനവും ക്ഷേത്രദ്രവ്യങ്ങളും ഫലമൂലാദികളുമെല്ലാം നല്കുന്നതിൽ അവർ മുന്നിൽത്തന്നെയുണ്ടായിരുന്നു. 'കാശുകൾ വാങ്ങി കീശയിലാക്കാൻ മേൽജാതിക്കാരനു തീണ്ടലില്ല" എന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്ന് പറയാതിരിക്കാതെ വയ്യ. ഇന്നത്തെ ഗവൺമെന്റ് ചെയ്ത നല്ലകാര്യങ്ങളിൽ ഒന്ന് ദേവസ്വം ബോർഡു ക്ഷേത്രങ്ങളിൽ അബ്രാഹ്മണരായ ശാന്തിക്കാർക്കും പൂജ നടത്താൻ പ്രവേശനം നല്കി എന്നുള്ളതാണ്. എന്നാൽ ചുരുക്കം ചില ക്ഷേത്രങ്ങളൊഴികെ ബഹുഭൂരിപക്ഷം വരുന്ന ക്ഷേത്രങ്ങളും അവർണപൂജാരികൾക്കു മുൻപിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ഇന്നും ഗുരുവായൂർ, ശബരിമല, കൊടുങ്ങല്ലൂർ, വൈക്കം, ചോറ്റാനിക്കര, ഏറ്റുമാനൂർ തുടങ്ങിയ പ്രധാനക്ഷേ ത്രങ്ങളിൽ മേൽശാന്തിമാരെ തിരഞ്ഞെടുക്കാൻ ദേവസ്വം ബോർഡ് നല്കുന്ന പരസ്യത്തിൽ 'അപേക്ഷകർ ബ്രാഹ്മണരായിരിക്കണം" എന്നെഴുതും. ഈ ക്ഷേത്രങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ശാന്തിക്കാർക്ക് ഒരു ബാലികേറാമലയായിത്തന്നെ അവശേഷിക്കുന്നു.
ഉത്തരമലബാറിലെ ജഡാധാരി ക്ഷേത്രത്തിൽ അയിത്താചാരം നിലനില്ക്കുന്നുവെന്ന് കേരളകൗമുദിയിൽ വാർത്ത വന്നിരുന്നു. അന്വേഷണത്തിൽ അത് ശരിയാണെന്നുമറിഞ്ഞു. ഇതറിഞ്ഞ് ശിവഗിരിമഠത്തിന്റെ ഇന്നത്തെ അദ്ധ്യക്ഷനടക്കം സന്യാസിമാരും ഗുരുഭക്തരും ഉത്തരകേരളത്തിലെത്തി ഇതേക്കുറിച്ച് അന്വേഷിച്ചു. ബില്ലവർ, തീയ്യർ, പൂജാരി, ഈഴവർ തുടങ്ങിയ പിന്നാക്ക ജനവിഭാഗങ്ങൾക്കും പുലയപറയാദി ദളിത് വിഭാഗങ്ങൾക്കും ഈ ക്ഷേത്രത്തിൽ അയിത്തം കല്പിച്ചിരിക്കുന്നുവെന്നും ഓരോ സമുദായങ്ങളുടെയും പ്രതിനിധികൾ ഞങ്ങളോടു പറഞ്ഞു. അവരുടെ ധനത്തിനും ക്ഷേത്രാവശ്യങ്ങൾക്കാവശ്യമായ ദ്രവ്യങ്ങൾക്കും തീണ്ടലില്ലെന്ന് അവർ വേദനയോടെ പറയുകയുണ്ടായി. കർണ്ണാടകത്തിലെ മൂകാംബികയടക്കമുള്ള ക്ഷേത്രങ്ങളിലെല്ലാം ഒരുപോലെ ദർശനം നടത്തുന്ന മഹാനായ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനമില്ല. അദ്ദേഹം പാടിയ റെക്കാഡ് സംഗീതം അവിടങ്ങളിൽ വെയ്ക്കാം.
വിവേകാനന്ദസ്വാമികൾ 'ഭ്രാന്താലയം" എന്നു വിളിച്ച കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും മേൽപ്പറഞ്ഞ അനീതികൾ ഇപ്രകാരം നിലനില്ക്കുമോ? ചിന്തിക്കണം. എല്ലാവിധമായ ഭേദചിന്തകൾക്കും അതീതമായ ഒരു ഏകലോക വ്യവസ്ഥിതിയാണ് ഗുരുദേവൻ വിഭാവനം ചെയ്യുന്നത്. അരുവിപ്പുറം പ്രതിഷ്ഠ മുതൽ മഹാസമാധി വരെയുള്ള 40 വർഷം ഗുരുദേവൻ ഇതിനു വേണ്ടിയാണ് നിലകൊണ്ടത്. അത് പൂർത്തീകരിക്കാനുള്ള യത്നത്തിന് ഒാരോ ശ്രീനാരായണീയനും മനസർപ്പിക്കേണ്ടതാണ്.