
നവകേരളത്തിന്റെ കാലം കഴിയാറായിരിക്കുന്നു. ഇനി സന്തോഷ കേരളത്തിന്റെ കാലമാണെന്ന് പിണറായി സഖാവ് പറയുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ, പിണറായി സഖാവ് സന്തോഷകേരളം വിരിയിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ പലരുടെയും മനസിൽ ആഹ്ലാദം അലതല്ലിയത്രേ. സഖാവ് പറഞ്ഞത് വളരെ ശരിയാണ്. നാട്ടിലാകപ്പാടെ സന്തോഷം നിറഞ്ഞു തുളുമ്പാൻ വെമ്പിനിൽക്കുന്ന അന്തരീക്ഷമാണ്. ആകാശം മേഘാവൃതമേയല്ല, അതങ്ങനെ വെളുത്ത് തുടുത്ത് നില്പാണ്. എങ്ങനെ സന്തോഷം വിരിയാതിരിക്കും!
നാട്ടിൽ പിടിച്ചുപറി, മോഷണം, കൊള്ള, കൊലപാതകം, വെട്ടിക്കൊല, കത്തിക്കുത്ത്, ചാത്തനേറ് എന്നിത്യാദി കശപിശകളൊന്നും കാണാനില്ല. ഗുണ്ടകൾ അവിടവിടെയായി മഴക്കാലത്തെ ഈയാംപാറ്റകളെ പോലെ പാറി നടപ്പുണ്ടായിരിക്കാം. ഒരു ഗുണ്ട ഒരുത്തന്റെ കാലുവെട്ടി തോളത്ത് ചുമന്ന് നടന്നിട്ടുണ്ടാകാം. അത് അവന്റെ ഉത്തരവാദിത്വബോധം കൊണ്ടാണ്. മറ്റൊരു ഗുണ്ട ഒരുത്തനെ കൊന്നിട്ട് ബോഡിയുമെടുത്ത് പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് സംഗീതക്കച്ചേരി നടത്തിയിരിക്കാം. അത് കലാസ്വാദനത്തിലെ അയാളുടെ മികവാണ്. സംഗീതക്കച്ചേരി സന്തോഷ കേരളത്തിന് അനിവാര്യവുമാണ്. മറ്റൊരുത്തൻ വെട്ടുകത്തിയുമായി ഹോട്ടലിൽ കേറിവന്ന് വാഴക്കുല അരിയുമ്പോലെ ഒരാളെ അരിഞ്ഞിട്ട് കൂളായി മടങ്ങിയിട്ടുണ്ടാകാം. അത് വാഴകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കണ്ടാൽ മതി. ഗുണ്ടകൾ പാറിനടക്കുന്നത് ആനന്ദദായകമാണ്. അതിൽ നിന്നുവേണം നാം സന്തോഷകേരളം പാകപ്പെടുത്തിയെടുക്കാൻ.
പൊലീസുകാരൊക്കെ മഹാസാധുക്കളാണ്. അല്ലെങ്കിലും സന്തോഷകേരളത്തിലെ പൊലീസുകാർ പണ്ടുകാലത്തെ ഇടിയൻ മാത്തനേഡിനെ പോലെ മൂരാച്ചി പൊലീസാകരുത്. വളരെ മാന്യന്മാർ ആയിരിക്കണം. ഗുണ്ടകൾ പാറിനടക്കുമ്പോൾ ചില അത്യാഹിതങ്ങൾ സംഭവിച്ചുവെന്ന് വരും. ഗുണ്ടകൾ എവിടെ, എന്താണ് കാട്ടിക്കൂട്ടാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാനുള്ള ഘ്രാണശേഷിയൊന്നും മൂരാച്ചി പൊലീസിന് പോലുമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടുവേണ്ടേ, മഹാസാധു പൊലീസ്. അതുകൊണ്ട് ആരുടെയെങ്കിലും കഴുത്ത് അരിഞ്ഞെടുത്ത് കൊണ്ടുപോയാലും പൊലീസ് അപ്പോൾത്തന്നെ അറിയണമെന്ന് പറയരുത്.
ഗുണ്ടകൾ കയറി മേയുന്ന കാഴ്ച അതിഭീകരമാണെന്ന് പലരും, പ്രത്യേകിച്ച് കുമ്പക്കുടി സുധാകർജി, വടശ്ശേരി സതീശൻജി എന്നിവർ, പറയുന്നുണ്ട്. അത് സന്തോഷകേരളം വിരിയുന്നതിലുള്ള അവരുടെ കൊതിക്കെറുവായി കണ്ടാൽ മതി.
ഗുണ്ടകൾക്ക് സ്വബോധം ഇല്ലാതായത് കഞ്ചാവ് മുതൽ വീര്യം കൂടിയ എംഡിയെമ്മെ എന്ന സാധനം വരെ നാട്ടിൽ സുലഭമായത് കൊണ്ടാണെന്ന് പറയുന്നവരുണ്ട്. നാട്ടിലിപ്പോൾ കഞ്ചാവിനെയും മേൽപ്പറഞ്ഞ മറ്റേ സാധനത്തെയും ചവിട്ടി നടക്കാനാവാത്ത സ്ഥിതിയാണത്രേ. അതൊരു കണക്കിന് നന്നായി. ഇല്ലായിരുന്നെങ്കിൽ ഈ ഗുണ്ടകളത്രയും എന്ത് ചെയ്യുമായിരുന്നു! തിന്ന് വീർത്ത്, കൊളസ്ട്രോളും കേറി ഭൂമിക്കാകെ ഭാരമായേനെ. ഒന്നുമില്ലെങ്കിലും അവർക്ക് നാട്ടിൽ സ്വബോധമില്ലാതെ പാറിപ്പാറി നടക്കാൻ സാധിക്കുന്നുണ്ടല്ലോ. അതവരുടെ ആരോഗ്യത്തിന് നല്ലതല്ലേ. സന്തോഷ കേരളത്തിന് അതൊക്കെ അത്യാവശ്യമാണ്. നവകേരളത്തിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് സന്തോഷകേരളത്തിലൂടെ കയറി അടുത്ത ഏതെങ്കിലും ഗുലുമാൽകേരളത്തെ പിടിക്കാനുള്ളതാണ്. അങ്ങനെയാണല്ലോ കേരളത്തെ സജീവമാക്കി നിറുത്തേണ്ടത്. അതുകൊണ്ട് ഗുണ്ടകളുടെ ആരോഗ്യവും പരമപ്രധാനമാണ്.
സർവോപരി പിണറായി സഖാവിന്റെ സന്തോഷകേരള സ്വപ്നം പൂവണിയുക എന്നതാണ് നാടിന്റെ ഇന്നത്തെ ആവശ്യമെന്ന് പറഞ്ഞുകൊള്ളട്ടെ. അതിലൂടെ കേ - റെയില് കൂടി ഓടുമ്പോഴാണ് അതിന്റെയൊരു ഗുമ്മ്...
(ഇ-മെയിൽ: dronar.keralakaumudi@gmail.com)