
ഒരു മുതിർന്ന പൗരൻ മുഖ്യമന്ത്രിക്ക് അയച്ച 
കത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ഞാൻ 83 വയസുള്ള പൗരനാണ്. മൗലിക ഗവേഷണരംഗത്ത് ഹെൽസിങ്കി യൂണിവേഴ്സിറ്റി, അതിന്റെ പരമോന്നത ബഹുമതിയായ ഓണററി ഡോക്ടറേറ്റ് ഓഫ് സോഷ്യൽ സയൻസസ് നൽകി എന്നെ ആദരിച്ചിട്ടുണ്ട്. ഈ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഞാൻ.
തിരുവനന്തപുരം ജില്ലാ കളക്ടർക്കുവേണ്ടി ഡെപ്യൂട്ടി കളക്ടർ നടത്തിയ ദീർഘമായ വിചാരണകൾക്കുശേഷം 22.12.2020-ൽ ജില്ലാ കളക്ടർ ഡോ. നവജ്യോത്ഖോസ ഒരു quasi - judicial order പുറപ്പെടുവിച്ചു. ഒരു മാസത്തിനകം ആ ഉത്തരവ് നടപ്പാക്കിയിരിക്കണമെന്ന വ്യക്തമായ നിർദ്ദേശവും അതിലുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവിലെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പിലാക്കുന്നത് മുടക്കാൻ ഭീമമായ അഴിമതി നടന്നതിനാൽ, ഡോ. ഖോസയുടെ രണ്ടു കീഴുദ്യോഗസ്ഥർ ഒരു വർഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കിയില്ല.
ഈ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ 09.09.2021-ൽ വിശദമായ ഒരു പരാതി ഞാൻ ഡോ. ഖോസയ്ക്ക് നൽകി. ആ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അന്വേഷിക്കാനാണ് ഡോ. ഖോസയെ 2022 ജനുവരി മൂന്നു മുതൽ കാണാൻ ശ്രമിച്ചത്. അതിനുവേണ്ടി കളക്ടറുടെ ഓഫീസിനുമുന്നിൽ കാത്തിരുന്നു. ഡോ. ഖോസയെ പൊതുജനങ്ങൾക്ക് കാണാനുള്ള സന്ദർശനസമയം 12.30 മുതൽ 1.30 വരെ എന്ന് ഓഫീസിന് പുറത്ത് എഴുതിവച്ചിട്ടുണ്ട്. എന്നാൽ ഡോ. ഖോസ ആ സമയനിഷ്ഠ പാലിക്കാറില്ലെന്ന വസ്തുത മനസിലാക്കാനായി. അവരെ കാണാനെത്തുന്ന സാധാരണക്കാരെ മുക്കാൽ മണിക്കൂറെങ്കിലും അവിടെ ഇരുത്തിയശേഷം, 1.15 ആകുമ്പോൾ അവരുടെ സഹായി വന്ന് '' ഇന്ന് മാഡം ആരെയും കാണുന്നില്ല. മാഡത്തെ കാണാൻ വന്ന എല്ലാവരും എ.ഡി.എമ്മിനെ കാണാൻ പറഞ്ഞു"" എന്ന് അറിയിക്കും. മിക്ക ദിവസവും ഡോ. ഖോസയുടെ ഓഫീസിലെത്തുന്ന സന്ദർശകർ നേരിടുന്ന അനുഭവം ഇതാണ്. അതനുസരിച്ച്, ഒരിക്കൽ ഞാൻ എ.ഡി.എമ്മിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം ''ഇത് എന്റെ വിഷയമല്ല""  എന്ന് പറഞ്ഞ് മടക്കിയയച്ചു. ഇതുതന്നെയാണ് മറ്റനേകം പേരുടെയും അനുഭവം. അതിനുശേഷം ഡോ. ഖോസയെ അവരുടെ ഔദ്യോഗിക ഫോണിൽ നേരിട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവർക്ക് ഫോൺ ചെയ്തപ്പോൾ അവരുടെ സെക്യൂരിറ്റിക്കാരൻ ഫോണെടുത്തിട്ട് പറഞ്ഞത്, ജനുവരി ആറിന് വ്യാഴാഴ്ച പൊതുസന്ദർശന സമയമായ 12.30ന് കാണാനാണ്. എന്നാൽ അന്ന് 12.30നും അവർ ഒരു സന്ദർശകരെയും കണ്ടില്ല. മറ്റു പരാതിക്കാർക്കൊപ്പം എനിക്കവരെ കാണാൻ സാധിച്ചത് ഉച്ചയ്ക്ക് ഒരു മണിക്കാണ്.
ഞാനെന്റെ പരാതി അവരുടെ കൈയിൽ കൊടുത്തു. എന്നാൽ അതിൽ നോക്കാതെതന്നെ ഡോ. ഖോസ ഒരു കാരണവുമില്ലാതെ ആക്രോശിച്ചു. പ്രായമായ എന്നോട്  ഇരിക്കാൻപോലും പറയാതെ, നിറുത്തിക്കൊണ്ടാണ്, സീറ്റിൽ നിന്ന് എണീറ്റുനിന്ന് ആക്രോശിച്ചത്. ഇത്രയും അപമര്യാദയും സംസ്കാരശൂന്യമായ പെരുമാറ്റവും വേറെ ഒരു ഉദ്യോഗസ്ഥനിൽ നിന്നും ഇത്രയും കാലം ലഭിച്ചിട്ടില്ല. പാവപ്പെട്ട പലരും അത് ദൈനംദിനം സഹിച്ച് മിണ്ടാതെ നിസഹായരായി തിരിച്ചുപോകുന്നുണ്ട്.
പൊതുജനതാത്പര്യവും വൃദ്ധരുടെയും സാധാരണക്കാരുടെയും അന്തസും അഭിമാനവും സംരക്ഷിക്കുന്നതിനാണ് ഈ വിവരം ഉചിതമായ, ഫലപ്രദമായ, നടപടിക്കായി താങ്കളെ ഞാൻ അറിയിക്കുന്നത്. പൊതുജനതാത്പര്യവും, ജില്ലാകളക്ടർ പുലർത്തേണ്ട മാന്യമായ നിലവാരവും, വൃദ്ധരോടും സാധാരണ ജനങ്ങളോടും കാണിക്കേണ്ട മാനുഷിക സമീപനവും മുൻനിറുത്തി, താങ്കൾ അപ്രകാരം ചെയ്യുമെന്ന വിശ്വാസത്തോടും, അപ്രകാരം ചെയ്യണമെന്ന അഭ്യർത്ഥനയോടും നിറുത്തുന്നു.
താങ്കളുടെ വിശ്വസ്തൻ,
പ്രൊഫ. ബി. വിവേകാനന്ദൻ
തിരുവനന്തപുരം