
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കായി സ്വന്തം ഇഷ്ടപ്രകാരം നിയോഗിക്കുന്ന പേഴ്സണൽ സ്റ്റാഫുകൾ കുറഞ്ഞത് രണ്ടുവർഷം പൂർത്തിയാകുമ്പോൾ പിരിയുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്നു. സർക്കാർ ഖജനാവിൽ നിന്ന് അവർക്ക് ആജീവനാന്തം പെൻഷനും അനുവദിക്കുന്നു. തെറ്റായ ഈ രീതി കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ല . ഒരു മന്ത്രിസഭയുടെ കാലത്ത് ഈ വിധം ആയിരത്തിഅഞ്ഞൂറിൽപ്പരം പേരെയാണ് നിയമിക്കുന്നതും പെൻഷൻ നൽകുന്നതും. ഈ സ്ഥാനത്തിരിക്കാൻ മതിയായ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരെയാണ് ശുപാർശയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായി ഈ വിധം നിയമിക്കപ്പെടുന്നത്. മാറിവരുന്ന സർക്കാരുകളെല്ലാം ഈ ദുഷ്പ്രവണത വർഷങ്ങളായി തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന അവസ്ഥയിൽ ഈ അനീതി അവസാനിപ്പിക്കേണ്ടതാണ്.
എം. ജയദേവൻ
തിരുവനന്തപുരം