കുടയത്തുർ: കുടയത്തൂരിൽ പഞ്ചായത്ത് ഭരണം യു ഡി എഫ് ന് നഷ്ടമായി. യു ഡി എഫി ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ എൽ ഡി എഫ് നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് യു ഡി എഫ് ന് ഭരണം നഷ്ടമായത് . 13 അംഗ ഭരണ സമിതിയിൽ സി പി എം 4, സിപി ഐ 1, കോൺഗ്രസ് 4, ലീഗ് 1, കേരളാ കോൺഗ്രസ് (ജെ ) 1,ബി ജെ പി 2 എന്നിങ്ങനെയാണ് കക്ഷി നില. ഉഷ വിജയന് ആദ്യത്തെ ഒരു വർഷവും ബാക്കി വരുന്ന കാലങ്ങളിൽ കോൺഗ്രസിനും എന്നിങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെക്കാനായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ധാരണ. യു ഡി എഫ് ൽ കോൺഗ്രസിനാണ് അംഗങ്ങൾ കൂടുതലെങ്കിലും യു ഡി എഫ് ജില്ലാ നേതൃത്വ തീരുമാന പ്രകാരം ഒരു അംഗമുള്ള ജോസഫ് ഗ്രൂപ്പിനാണ് ആദ്യ ഒരു വർഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഒരു വർഷമെന്നുള്ള കാലാവധി അവസാനിക്കാറായ സമയത്താണ് ഉഷ വിജയൻ എൽ ഡി എഫി ന്റെ ഭാഗമായത്. സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കെ.എൽ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉഷ വിജയനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ഉഷ വിജയൻ മുന്നണി മാറുന്നതോടെഎൽ. ഡി.എഫിന്ആറും യു.ഡി.എഫിന്അഞ്ചും ബി. ജെ.പിക്ക് രണ്ട് എന്നാകും കക്ഷിനില. ബി.ജെ. പി ഇരുമുന്നണികളുമായിഅകലം പാലിക്കുന്നതോടെ എൽ. ഡി. എഫിന് ഭരണത്തിൽ തുടരാനാകും.
'സഹിച്ച് മടുത്താണ് യു ഡി എഫ് മുന്നണി വിട്ടത്. കഴിഞ്ഞ ഭരണത്തിൽ രണ്ടുവർഷം പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതു നൽകിയില്ല. മാത്രമല്ല ഇക്കുറി അധികാരമേറ്റത് മുതൽ ശത്രുവെന്ന പോലെയാണ് കോൺഗ്രസ് അംഗങ്ങൾ പെരുമാറിയത്. പലവിധത്തിലും ഉപദ്രവിച്ചു. കാലങ്ങളായി വിഭാവനം ചെയ്ത കുടയത്തൂരിലെ കുടിവെള്ള പദ്ധതിയുൾപ്പെടെ ആവിഷ്‌കരിച്ചു നടപ്പാക്കി. പഞ്ചായത്ത് പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാന സർക്കാരിൽ നിന്ന് വിവിധ പദ്ധതികൾ കുടയത്തൂരിൽ നടപ്പിലാക്കാനുള്ള ശ്രമം നടന്ന് വരുകയാണ്. എൽ ഡി എഫ് ആണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത് എന്നതിനാൽ പുതിയ പദ്ധതിതികൾ ഇപ്പോൾ കൊണ്ടുവന്നാൽ അത് എം ഡി എഫ് സർക്കാരിന് ഗുണം ചെയ്യും എന്ന് പറഞ്ഞ് യു ഡി എഫ് എന്നും പ്രശ്‌നങ്ങൾ ഉണ്ടാക്കികൊണ്ടേയിരുന്നു. അതിനെയൊക്കെ ഇല്ലാതാക്കാനും അവർ ശ്രമിക്കുകയാണ്. ധർമ്മസങ്കടത്തിലായ തനിക്ക് എൽ ഡി എഫ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് മുന്നണി ബന്ധം വിടാൻ തീരുമാനിച്ചത് '.
ഉഷ വിജയൻ.