
തൊടുപുഴ: സോളാർ വഴി വിളക്കിന്റെ ബാറ്ററികൾ മോഷണം പോകുന്നത് പതിവായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കരിങ്കുന്നം- കോലാനി റോഡിലാണ് വ്യാപകമായി മോഷണം നടക്കുന്നത്. കെ.എസ്.ടി.പി കോട്ടയം യൂണിറ്റിന്റെ കീഴിലാണ് ഈ ഭാഗം വരുന്നത്. സോളാർ വിളക്കിന്റെ ഭാഗമായി പ്രത്യേകം ബോക്‌സിലാക്കിയാണ് ബാറ്ററികൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ വഴിവിളക്കുകൾക്കും രണ്ട് സോളാർ പാനലും രണ്ട് ബാറ്ററി ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയായാൽ ഓട്ടോമാറ്റിക്കായി ഇവയെല്ലാം പ്രകാശിക്കുന്ന തരത്തിലാണ് നിർമാണം. ഇത്തരത്തിൽ സ്ഥാപിച്ച ബാറ്ററികളുടെ ബോക്‌സുകളടക്കം തകർത്താണ് വലിയ തോതിൽ മോഷണം നടക്കുന്നത്. പലയിടത്തും വാഹനമിടിച്ച് സോളാർ വഴി വിളക്കുകൾ നിലം പതിച്ച നിലയിലുമാണ്. ഇത് കൂടാതെ തകരാറുകൾ മൂലം രാത്രികാലങ്ങളിൽ നിരവധി ലൈറ്റുകളാണ് തെളിയാതെയും കിടക്കുന്നത്. തകരാർ പരിഹരിക്കുന്നതിനും മോഷണ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും അധികൃതർ തയ്യാറായിട്ടില്ല. സംഭവത്തിൽ പ്രതിഷേധവുമായ നാട്ടുകാരും രംഗത്തുണ്ട്.
പരാതി ലഭിച്ചെന്ന്
ലൈറ്റുകൾ തെളിയുന്നില്ലെന്ന പരാതി ലഭിച്ചതായും ഇവ അറ്റകുറ്റപണി ചെയ്യേണ്ട ചുമതല ആർക്കാണെന്ന് തേടി കത്ത് നൽകിയതായും മെയിന്റൻസ് വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. അനർട്ട് വഴിയാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.